യുഎഇ ഭൂപടത്തിന്റെ മാതൃകയിലുള്ള ശിൽപത്തിന്റെ മിനുക്കുപണിയിൽ നിസാർ ഇബ്രാഹിം

അബുദാബി ∙ 52ാം പിറന്നാൾ ആഘോഷിക്കുന്ന യുഎഇക്ക് പ്രവാസി മലയാളിയുടെ സമ്മാനം. യുഎഇ ഭൂപടത്തിന്റെയും രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും രൂപം തെളിയുന്ന ശിൽപം നിർമിച്ചാണ് തൃശൂർ പട്ടയപ്പാടം സ്വദേശി നിസാർ ഇബ്രാഹിം പോറ്റുനാടിനോടുള്ള സ്നേഹം പ്രകടിപ്പിച്ചത്. വ്യത്യസ്ത വ്യാസത്തിലുള്ള 52 സുവർണ തളിക നിശ്ചിത അകലത്തിൽ ലോഹത്തിൽ സ്ഥാപിച്ചാണ് ശിൽപം ഒരുക്കിയത്. പ്രത്യേക കോണിൽനിന്ന് നോക്കിയാൽ കുതിരയുടെ രൂപസാദ്യശ്യമുള്ള യുഎഇയുടെ ഭൂപടവും ഷെയ്ഖ് സായിദിന്റെ ചിത്രവും കാണാം.

ഒരു മീറ്റർ നീളവും 60 സെന്റിമീറ്റർ വീതിയുമുള്ള ശിൽപം ദുബായ് ജുമൈറയിലെ ആർട്ടിസാൻ കഫെയിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. പ്രവേശനം സൗജന്യം. സിനിമാ നാടക മേഖലകളിൽ ശ്രദ്ധേയനും കവിയുമായ നിസാർ മുൻ വർഷങ്ങളിലെ ദേശീയ ദിനത്തോടനുബന്ധിച്ചും ശിൽപങ്ങളും ഇൻസ്റ്റലേഷനുകളും നിർമിച്ചിട്ടുണ്ട്. ഷാർജ രാജ്യാന്തര പുസ്തകമേളയുമായി ബന്ധപ്പെട്ട് ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഇൻസ്റ്റലേഷനും നിർമിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here