യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രസംഗിക്കുന്നു. വിഡിയോയിൽ നിന്നെടുത്ത സ്ക്രീൻ ഷോട്ട്.

അബുദാബി∙ യുഎഇ 52-ാം ദേശീയ ദിനം ആഘോഷിക്കുന്ന വേളയിൽ രാജ്യത്തിന്‍റെ ഐക്യത്തിന്റെ ചൈതന്യവും അഭിലാഷങ്ങളും പങ്കുവച്ച് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഹൃദയസ്പർശിയായ വിഡിയോ സന്ദേശം എക്സ് പ്ലാറ്റ് ഫോമിലൂടെ പങ്കിട്ടു. അദ്ദേഹം യുഎഇയിലെ ജനങ്ങളോടുള്ള നന്ദിയും ആദരവും പ്രകടിപ്പിച്ചു. അവരെ രാഷ്ട്രത്തിന്റെ തൂണുകളും ശക്തിയുമായി വിശേഷിപ്പിച്ചു.യുഎഇയെ തങ്ങളുടെ വീടെന്ന് വിളിക്കുകയും രാജ്യത്തിന്റെ കൂട്ടായ പുരോഗതിക്ക് സംഭാവന നൽകുകയും ചെയ്യുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിച്ചു. നിങ്ങളെ ലഭിച്ചതിൽ ഞങ്ങൾക്ക് ഭാഗ്യമുണ്ട്. ആത്മാവിന്റെ ഐക്യവും അതിരുകളില്ലാത്ത നിശ്ചയദാർഢ്യവും കൊണ്ട് അടയാളപ്പെടുത്തിയ യുഎഇയുടെ ശ്രദ്ധേയമായ പുരോഗതിയുടെ പ്രയാണത്തെ ഉയർത്തിക്കാട്ടിക്കൊണ്ട് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ജനങ്ങളുടെ അചഞ്ചലമായ പിന്തുണയോടെ രാഷ്ട്രം എക്കാലവും അഭിവൃദ്ധി പ്രാപിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. യുഎഇയുടെ യഥാർത്ഥ സമ്പത്ത് അതിന്റെ വിഭവങ്ങളിൽ മാത്രമല്ല, അതിലും പ്രധാനമായി യുഎഇയിലെ ജനങ്ങളിലാണ്. അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും അദ്ദേഹത്തിന്റെ സഹ സ്ഥാപക പിതാക്കന്മാരും ചേർന്ന് 1971-ൽ രാജ്യം സ്ഥാപിച്ചതിനെ ആദരിക്കുകയും എമിറേറ്റുകളുടെ ഐക്യത്തെ പ്രഘോഷിക്കുകയും ചെയ്യുന്ന ദിനമാണ് ദേശീയദിനമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

അതേസമയം, ദേശീയദിനാഘോഷം രാജ്യത്തെങ്ങും വർണാഭമായി ആഘോഷിച്ചു. വിവിധ എമിറേറ്റുകളിൽ കലാ സാംസ്കാരിക പരിപാടികളോടെ നടന്ന ആഘോഷത്തിൽ ഇന്ത്യക്കാരടക്കമുള്ള പ്രവാസികളും പങ്കെടുത്തു. ഇന്ത്യൻ സംഘടനകളും സ്ഥാപനങ്ങളും ദേശീയ ദിനം ആഘോഷിച്ചു. നാടും നഗരവും ദിവസങ്ങൾക്ക് മുൻപേ ചതുർ വർണങ്ങളാൽ അലങ്കരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here