യുഎഇയുടെ 52–ാമത് ദേശീയ ദിനാഘോഷം. ഷാർജയിലെ കാഴ്ചകൾ. ചിത്രം

അബുദാബി ∙ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സൗജന്യ പാർക്കിങ് പ്രഖ്യാപിച്ച് അബുദാബി, ദുബായ്, ഷാർജ എമിറേറ്റുകൾ. ദേശീയ ദിന അവധി ദിനങ്ങളായ 2, 3, 4 ദിവസങ്ങളിൽ അബുദാബിയിൽ പാർക്കിങും ടോളും സൗജന്യമായിരിക്കുമെന്ന് സംയോജിത ഗതാഗത കേന്ദ്രം (ഐടിസി) അറിയിച്ചു

ഇന്നു പുലർച്ചെ മുതൽ 5ന് രാവിലെ 7.59 വരെയാണ് ഇളവ്. മുസഫ എം–18ലെ പാർക്കിങ് കേന്ദ്രത്തിലും ഈ ദിവസങ്ങളിൽ സൗജന്യമായി പാർക്ക് ചെയ്യാം. റസിഡന്റ് പാർക്കിങ്ങിൽ രാത്രി 9 മുതൽ രാവിലെ 8 വരെ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. നിയമലംഘകർക്ക് 200 ദിർഹം പിഴയുണ്ട്.

നോട്ടിസ് ലഭിച്ച് 4 മണിക്കൂറിനകം വാഹനം നീക്കിയില്ലെങ്കിൽ ഗതാഗത വിഭാഗം എടുത്തുമാറ്റും. നിരോധിത സ്ഥലങ്ങളിലും മറ്റു വാഹനങ്ങൾക്കു തടസ്സമാകുന്ന രീതിയിലും പാർക്ക് ചെയ്യരുതെന്നും അഭ്യർഥിച്ചു.

ദുബായിൽ ഇന്നു മുതൽ ചൊവ്വാഴ്ച രാവിലെ 8വരെ പാർക്കിങ് സൗജന്യമായിരിക്കും.

ദേശീയ ദിന അവധിയുണ്ടെങ്കിലും കാലാവസ്ഥ ഉച്ചകോടി നടക്കുന്നതിനാൽ 12വരെ ദുബായ് മെട്രോ രാവിലെ 5 മുതൽ രാത്രി ഒരുമണിവരെ സർവീസ് നടത്തും. ട്രാം സർവീസിലും മുടക്കമില്ല. തിങ്കൾ മുതൽ ശനി വരെ രാവിലെ 6 മുതൽ രാത്രി ഒന്നുവരെയും ശനിയാഴ്ചകളിൽ രാവിലെ 9 മുതൽ രാത്രി ഒന്നുവരെയുമാണ് ഉച്ചകോടി സ്പെഷൽ സർവീസ്. നാളെ വരെ അബുദാബി ഭാഗത്തേക്കുള്ള 10, 15, 21, 7, 8, 83, 91, E101, 98ഇ, 96, 95എ, 95, 91എ, X94, X92, ഇ102 ബസുകൾ വഴി തിരിച്ചുവിടും.

രാവിലെ 6.30നും 11നും ഇടയിൽ ബസുകൾ വൈകാനും സാധ്യതയുണ്ട്. ചില ബസുകൾ റദ്ദാക്കാനും ഈ ഭാഗത്തെ സ്റ്റോപ്പുകൾ അടച്ചിടാനും സാധ്യതയുണ്ടെന്ന് ആർടിഎ അറിയിച്ചു. മറ്റു റൂട്ടുകളിൽ പതിവു പോലെ സർവീസ് നടക്കും. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 4.30 മുതൽ രാത്രി 12.3വരെയും വെള്ളി രാവിലെ 5 മുതൽ രാത്രി 12.30വരെയും ശനി ഞായർ ദിവസങ്ങളിൽ രാവിലെ 6 മുതൽ രാത്രി ഒന്നുവരെയുമാകും സർവീസ്.

ഷാർജയിലും സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു.

ഇന്നു മുതൽ ചൊവ്വാഴ്ച രാവിലെ വരെയാണ് പാർക്കിങ് സൗജന്യം. എന്നാൽ, ബ്ലൂ പാർക്കിങ് മേഖലയിൽ സൗജന്യം ലഭിക്കില്ല

ഫെസ്റ്റിവലിലേക്ക് ബസ് സർവീസ്

പൊതുഗതാഗത ബസ് സർവീസ് തുടരും. അവധിക്കാല തിരക്ക് കണക്കിലെടുത്ത് അബുദാബിയിൽനിന്ന് അൽവത്ബ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലേക്കും തിരിച്ചും സർവീസ് ഉണ്ടായിരിക്കും. ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ 2, 3, 4 തീയതികളിൽ അടച്ചിടുമെങ്കിലും ഐടിസി വെബ്സൈറ്റ് ( www.itc.gov.ae) വഴി ഓൺലൈൻ സേവനം 24 മണിക്കൂറും ലഭിക്കും. വിവരങ്ങൾക്ക് നമ്പർ: 800 850. ടാക്സിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് 600 535353.

LEAVE A REPLY

Please enter your comment!
Please enter your name here