ദുബായ് മാളില്‍ അത്യാധിനുക പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനാണ് എമ്മാര്‍ പ്രോപ്പര്‍ട്ടീസ് പ്രമുഖ ടോള്‍ ഗേറ്റ് ഓപറേറ്ററായ സാലികുമായി ധാരണയുണ്ടാക്കിയത്. ഇതുപ്രകാരം അടുത്ത വര്‍ഷം പകുതിയോടെ പാര്‍ക്കിങ് ഏരിയയില്‍ ഗേറ്റുകളോ തടസ്സങ്ങളോ ഇല്ലാത്ത ക്രമീകരണമൊരുക്കും. ക്യാമറ സംവിധാനത്തിലൂടെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് തിരിച്ചറിഞ്ഞ് സന്ദര്‍ശകരുടെ അക്കൗണ്ടില്‍ നിന്ന് തുക ഡെബിറ്റ് ചെയ്യപ്പെടുന്ന ഓട്ടോമാറ്റിക് സംവിധാനമാണ് വരുന്നത്.

അബുദാബി: ലോകത്തിലെ ഏറ്റവും വലിയ മാളായ ദുബായ് മാളിലെ പേ പാര്‍ക്കിങ് സംവിധാനം പ്രമുഖ ടോള്‍ ഗേറ്റ് ഓപറേറ്ററായ സാലിക്ക് നിയന്ത്രിക്കും. ഇതിനായി എമ്മാര്‍ പ്രോപ്പര്‍ട്ടീസും സാലികും ഡിസംബര്‍ 22 വെള്ളിയാഴ്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു

പാര്‍ക്കിങ് ഫീസ് ഈടാക്കുന്നതിന് വാഹന നമ്പര്‍ പ്ലേറ്റ് തിരിച്ചറിയുന്ന ഓട്ടോമാറ്റിക് സംവിധാനം ഉപയോഗിക്കും. സന്ദര്‍ശകരുടെ പാര്‍ക്കിങ് കാര്യക്ഷമമാക്കാന്‍ സാലിക്കിന്റെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. പാര്‍ക്കിങ് ഏരിയയിലെ ജീവനക്കാര്‍ വാഹനം തടഞ്ഞുനിര്‍ത്തുന്നതിന്റെ ആവശ്യകത ഇല്ലാതാക്കാനും ഈ സംരംഭം പദ്ധതിയിടുന്നു.

പാര്‍ക്കിങ് ഫീസ് ഈടാക്കുന്നതിന് ഓട്ടോമാറ്റിക് സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ എമ്മാര്‍ ഷോപ്പിങ് മാള്‍സ് മാനേജ്മെന്റിന്റെ നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായി സന്ദര്‍ശകരുടെ അക്കൗണ്ടില്‍ നിന്ന് തുക ഡെബിറ്റ് ചെയ്യപ്പെടുമെന്ന് ദുബായ് മീഡിയ ഓഫീസ് (ഡിഎംഒ) അറിയിച്ചു.

അടുത്ത വര്‍ഷം പകുതിയോടെ ദുബായ് മാളില്‍ സേവനം ആരംഭിക്കാനാണ് സാലിക് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പാര്‍ക്കിങ് ഫീസ് എത്രയായിരിക്കുമെന്ന് നിശ്ചയിച്ചിട്ടില്ല. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് എമ്മാര്‍ മാള്‍സ് മാനേജ്മെന്റുമായി അന്തിമ ധാരണയിലെത്തിയ ശേഷമായിരിക്കും ഇത് തീരുമാനിക്കുക.

ദുബായ് മാളിലെ പാര്‍ക്കിങ് സംവിധാനത്തിന്റെ രൂപകല്‍പ്പന, ധനസഹായം, വികസനം, ഇന്‍സ്റ്റാളേഷന്‍, മാനേജ്മെന്റ് എന്നിവ സാലികിന്റെ മേല്‍നോട്ടത്തിലായിരിക്കും. മാളില്‍ ഗേറ്റുകളോ തടസ്സങ്ങളോ ഇല്ലാത്ത യാത്രയും ഉപഭോക്തൃ സൗഹൃദ സേവനവും നല്‍കാന്‍ കമ്പനിക്ക് സാധിക്കുമെന്ന് സാലിക് കമ്പനി സിഇഒയും ബോര്‍ഡ് അംഗവുമായ ഇബ്രാഹിം സുല്‍ത്താന്‍ അല്‍ ഹദ്ദാദ് ചൂണ്ടിക്കാട്ടി. തിരക്കും ട്രാഫിക്കും കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എമിറേറ്റില്‍ എട്ട് ടോള്‍ ഗേറ്റുകള്‍ സാലിക് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം 9-10 ശതമാനം വരുമാന വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഡെലിവറി കമ്പനികള്‍ക്കായി ഇലക്ട്രിക് ബൈക്ക് വരുന്നു

ദുബായ്: വായു മലിനീകരണം കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഡെലിവറി കമ്പനികള്‍ക്കായി ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ച് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ).

പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബൈക്കുകളിലേക്ക് മാറാന്‍ ഡെലിവറി കമ്പനികളെ ആര്‍ടിഎ പ്രോല്‍സാഹിപ്പിക്കും. ഡെലിവറി ബിസിനസിന്റെ തൊഴില്‍ സ്വഭാവത്തിന് അനുയോജ്യമായ പ്രോട്ടോടൈപ്പ് ഇ-ബൈക്ക് മോഡല്‍ ഗവേഷണം ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും വ്യവസായ വിദഗ്ധരുമായി ആര്‍ടിഎ സഹകരിച്ച് പ്രവര്‍ത്തിച്ചതായി ആര്‍ടിഎയുടെ ലൈസന്‍സിംഗ് ഏജന്‍സിയിലെ വാണിജ്യ ഗതാഗത പ്രവര്‍ത്തനങ്ങളുടെ ഡയറക്ടര്‍ മുഹന്നദ് ഖാലിദ് അല്‍ മുഹൈരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here