ടെസ്റ്റ് വിജയത്തിനു ശേഷം കാണികളെ അഭിവാദ്യം ചെയ്യുന്ന ഇന്ത്യൻ വനിതാ ടീം.

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റിലെ ചരിത്രമുഹൂർത്തങ്ങൾക്ക് വേദിയാകുന്ന പതിവ് വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയം ഇത്തവണയും തെറ്റിച്ചില്ല! വനിതാ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യൻ വനിതകൾക്ക് ജയം. രണ്ടാം ഇന്നിങ്സിൽ 75 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സ്കോർ: ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് 219, രണ്ടാം ഇന്നിങ്സ് 261. ഇന്ത്യ ഒന്നാം ഇന്നിങ്സ് 406, രണ്ടാം ഇന്നിങ്സ് 2ന് 75. രണ്ട് ഇന്നിങ്സിലുമായി 7 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ഓൾറൗണ്ടർ സ്നേഹ് റാണയാണ് പ്ലെയർ ഓഫ് ദ് മാച്ച്. ഇന്ത്യൻ ആധിപത്യം

46 റൺസ് ലീഡുമായി, 5ന് 233 എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയെ നിലയുറപ്പിക്കാൻ ഇന്ത്യൻ ബോളർമാർ സമ്മതിച്ചില്ല. ആഷ്‌ലി ഗാർഡ്നറെ (7) പുറത്താക്കിയ പൂജ വസ്ത്രാകറാണ് ഓസീസിന് ആദ്യ പ്രഹരം ഏൽപിച്ചത്.

വൈകാതെ അനബെൽ സതർലൻഡിനെ (27) സ്നേഹ് റാണയും മടക്കിയതോടെ ഓസ്ട്രേലിയ തോൽവി മുഖാമുഖം കണ്ടു. 28 റൺസിനിടെ 5 വിക്കറ്റ് നഷ്ടപ്പെട്ട ഓസീസ് 261 റൺസിന് പുറത്തായി. രണ്ട് സെഷനും 10 വിക്കറ്റും ബാക്കി നിൽക്കെ 75 റൺസായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ ഷെഫാലി വർമയെ (4) പുറത്താക്കിയ കിം ഗാർത് ഓസീസിന് നേരിയ പ്രതീക്ഷ നൽകി.

റിച്ച ഘോഷും (13) പെട്ടെന്നു മടങ്ങിയതോടെ ഇന്ത്യ പതറി. എന്നാൽ ഒരറ്റത്ത് ഉറച്ചുനിന്ന സ്മൃതി മന്ഥന (38 നോട്ടൗട്ട്) തകർച്ച ഒഴിവാക്കി. മൂന്നാം വിക്കറ്റിൽ ജമൈമ റോഡ്രിഗസിനെ (12 നോട്ടൗട്ട്) കൂട്ടുപിടിച്ച് സ്മൃതി ഇന്ത്യയെ ഐതിഹാസിക വിജയത്തിലെത്തിച്ചു. ദിവസങ്ങൾക്കു മുൻപാണ് ഇംഗ്ലണ്ട് വനിതകൾക്കെതിരെ ഇന്ത്യ നവിമുംബൈയിലെ ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിൽ ടെസ്റ്റ് മത്സരം ജയിച്ചത്. 28 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു വർഷം ഇന്ത്യ രണ്ട് വനിതാ ടെസ്റ്റുകൾക്ക് ആതിഥ്യം വഹിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here