ദുബായ്∙ ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ അപ്രതീക്ഷിതമായിട്ടായിരുന്നു ശ്രീലങ്കൻ സ്പിന്നർ വാനിന്ദു ഹസരംഗയെ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. അടിസ്ഥാന വിലയായ 1.5 കോടി നല്‍കി സണ്‍റൈസേഴ്സ് ലങ്കന്‍ താരത്തെ ടീമിലെത്തിച്ചു. വലിയ വെല്ലുവിളികളില്ലാതെയാണ് ഹസരംഗ 2024 സീസണിൽ ഹൈദരാബാദിൽ ചേര്‍ന്നത്.

ലക്ഷ്യം വച്ച താരത്തെ ചെറിയ വിലയ്ക്കു ലഭിച്ചതോടെ ലേലത്തിനെത്തിയ ഹൈദരാബാദ് ടീം ഉടമ കാവ്യ മാരനും ഹാപ്പിയായി. ഹസരംഗയെ ടീമിലെത്തിച്ചപ്പോഴുള്ള കാവ്യയുടെ പ്രതികരണം സമൂഹമാധ്യമത്തിൽ വൈറലാണ്. ഐപിഎൽ താരലേലങ്ങളിലും സൺ റൈസേഴ്സ് ഹൈദരാബാദിന്റെ മത്സരങ്ങളിലും സ്ഥിര സാന്നിധ്യമാണ് കാവ്യ. മത്സരങ്ങൾക്കിടെ കാവ്യയുടെ ദൃശ്യങ്ങൾ മുൻപും പലവട്ടം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

2021 ല്‍ ആർസിബി താരമായിരുന്ന ആദം സാംപയുടെ പകരക്കാരനായിട്ടാണ് ഹസരംഗ ഐപിഎല്‍ കളിക്കാനെത്തുന്നത്. തുടർന്നുവന്ന മെഗാലേലത്തിൽ 10.75 കോടിക്ക് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ തന്നെ താരത്തെ ടീമിലെത്തിച്ചു. മൂന്നു സീസണുകളിലായി 26 മത്സരങ്ങളിൽനിന്ന് 35 വിക്കറ്റുകൾ താരം വീഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ ലങ്കൻ പ്രീമിയർ ലീഗിൽ കൂടുതൽ റൺസും കൂടുതൽ വിക്കറ്റും നേടിയ താരമാണ് വാനിന്ദു ഹസരംഗ.

ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിന്റെ ക്യാപ്റ്റൻ പാറ്റ് കമിൻസിനെ വൻ തുകയ്ക്കാണ് ഹൈദരാബാദ് ടീമിലെത്തിച്ചത്. 20.5 കോടി രൂപയാണ് കമിൻസിനായി സൺറൈസേഴ്സ് മുടക്കിയത്. ലോകകപ്പ് ഫൈനലിലെ ഹീറോ ട്രാവിസ് ഹെഡിനെ 6.80 കോടി രൂപയ്ക്കും ഹൈദരാബാദ് സ്വന്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here