മുംബൈ∙ സൂര്യകുമാർ യാദവിന് അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പര നഷ്ടമാകും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കിടെയാണു സാര്യകുമാര്‍ യാദവിനു കാലിനു പരുക്കേറ്റത്. താരത്തിന്റെ പരുക്കുമാറാൻ ആറ് ആഴ്ചയെങ്കിലും സമയമെടുക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഹാര്‍ദിക് പാണ്ഡ്യ പരുക്കേറ്റു പുറത്തായതിനാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ സൂര്യകുമാർ യാദവായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ.

സൂര്യയും പുറത്തായതോടെ അഫ്ഗാനെതിരായ പരമ്പരയിൽ പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ട ചുമതലയും ബിസിസിഐയ്ക്കുണ്ട്. ചികിത്സയുടെ ഭാഗമായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് സൂര്യകുമാർ യാദവുള്ളത്. ഫെബ്രുവരിയിൽ നടക്കുന്ന രഞ്ജി ട്രോഫിയിൽ താരം മുംബൈയ്ക്കു വേണ്ടി കളിച്ചേക്കും. ഐപിഎല്ലിനു മുൻപു ഫിറ്റ്നസ് പരിശോധിക്കുന്നതിനാണ് താരം മുംബൈയ്ക്കായി ഇറങ്ങുകയെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

സൂര്യയും പാണ്ഡ്യയും ലഭ്യമാകാത്ത സാഹചര്യത്തിൽ സിലക്ടർമാർ രോഹിത് ശർമയെ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനാക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. രോഹിത് ഇല്ലെങ്കിൽ രവീന്ദ്ര ജഡേജയായിരിക്കും ക്യാപ്റ്റൻ. ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിനെ നയിച്ചിരുന്ന ഋതുരാജ് ഗെയ്ക്‌വാദും പരുക്കിന്റെ പിടിയിലാണ്. ട്വന്റി20 പരമ്പരയിൽ ജിതേഷ് ശർമയെ വിക്കറ്റ് കീപ്പറാക്കാനാണു സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here