കേരളത്തിൽ ഇന്ന് 152 പേർക്കു കോവിഡ് രോഗം സ്ഥീരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 81 പേർ രോഗമുക്തി നേടി. രോഗം ബാധിച്ച 152 പേരിൽ 98 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 46 പേർ. സമ്പർക്കം വഴി 8 പേർക്കാണ് രോഗം ബാധിച്ചത്.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന് രോഗം ബാധിച്ചവരുടെ കണക്കെടുത്താൽ ഡൽഹി 15, ബംഗാൾ 12, മാഹാരഷ്ട്ര 5, തമിഴ്നാട് 5, കർണാടക 4, ആന്ധ്ര 3, ഗുജറാത്ത് 1, ഗോവ 1 എന്നിങ്ങനെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇന്ന് 4941 സാംപിളുകൾ പരിശോധിച്ചു. 3603 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ ചികിത്സയിലുള്ളത് 1691 പേരാണ്. 1,54,759 പേരാണ് നിരീക്ഷണത്തിലുള്ളത്. 2,282 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 288 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 1,48,827 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 4005 സാംപിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനൽ സർവയലൻസ് പ്രകാരം മുൻഗണനയുള്ളവരിൽ നിന്ന് 40,537 സാംപിളുകളാണ് ശേഖരിച്ചത്. 39,113ഉം നെഗറ്റീവായി. ഹോട്സ്പോട്ടുകൾ 111 ആണ്.

വിദേശത്തുനിന്ന് വരുന്നവർക്ക് സ്ക്രീനിങ് നിർബന്ധമാക്കണമെന്ന് സർക്കാർ പറഞ്ഞപ്പോൾ അതിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണവുമായാണ് ചിലർ ഇറങ്ങിയത്. പ്രവാസികളെ പ്രകോപിപ്പിക്കാനും സർക്കാരിനെതിരെ രോഷം സൃഷ്ടിക്കാനുമുള്ള ശ്രമമുണ്ടായി. ഒരു കാര്യം തുടക്കത്തിലേ സർക്കാർ വ്യക്തമാക്കിയിരുന്നു. താൽപര്യമുള്ള പ്രവാസികളെ കേരളത്തിലേക്ക് സ്വാഗതം ചെയ്യും. അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കും. ആ ഒരു നിലപാടിൽനിന്ന് ഒരു ഘട്ടത്തിലും സർക്കാർ പുറകോട്ട് പോയിട്ടില്ല. ഈ നിമിഷം വരെ കേരള സർക്കാർ ഒരു വിമാനത്തിന്റെയും വരവും വിലക്കിയിട്ടില്ല.

72 ഫ്ലൈറ്റുകൾ ഇന്ന് മാത്രം കേരളത്തിലേക്ക് വരാൻ അനുമതി നൽകിയിട്ടുണ്ട്. 14,058 പേരാണ് ഈ ഫ്ലൈറ്റുകളിൽ ഇന്ന് നാട്ടിലെത്തുന്നത്. ഒന്ന് ഒഴികെ ബാക്കി 71ഉം ഗൾഫ് രാജ്യങ്ങളിൽനിന്നാണ്. കൊച്ചി 24, കോഴിക്കോട് 22, കണ്ണൂര്‍ 16, തിരുവനന്തപുരം 10 ഇത്തരത്തിലാണ് അനുമതി നൽകിയത്. നമ്മുടെ ആളുകൾ നാട്ടിലെത്തണമെന്ന നിലപാടിന്റെ ഭാഗമായാണ് ഇത്രയും വിമാനങ്ങൾക്ക് അനുമതി നൽകിയത്. ഇതുവരെ 543 വിമാനങ്ങളും 3 കപ്പലുകളും സംസ്ഥാനത്തെത്തി. 335 എണ്ണം ചാർട്ടേഡ് വിമാനങ്ങളാണ്. 208 എണ്ണം വന്ദേ ഭാരത് മിഷന്റെ ഭാഗമായി വന്നതാണ്. ഇതുവരെ 154 സമ്മതപത്രങ്ങളിലൂടെ 1,114 വിമാനങ്ങൾ അനുമതി നൽകി. ജൂൺ 30വരെ 462 ചാർട്ടേഡ് വിമാനങ്ങൾക്കാണ് അനുമതി നൽകിയത്.

ഇതുവരെ വിദേശത്ത് നിന്ന് എത്തി രോഗം സ്ഥിരീകരിച്ചവർക്കെല്ലാം കേരളം സൗജന്യ ചികിത്സ നൽകുന്നുണ്ട്. ഗുരുതരമായ മറ്റ് അസുഖങ്ങളുള്ള വയോധികരെ ഉൾപ്പെടെ ചികിത്സിച്ച് ഭേദമാക്കാൻ നമുക്ക് സാധിക്കുന്നുണ്ട്. എപ്പോ തിരിച്ചെത്തിയാലും ചികിത്സ വേണമെങ്കില്‍ അത് ലഭ്യമാകും. 216 രാജ്യങ്ങളിലും പ്രവിശ്യകളിലുമായി വ്യാപിച്ച രോഗമാണ് കോവിഡ്. 4,80,000ൽ അധികം പേർ മരിച്ചു. 90 ലക്ഷത്തിലേറെ പേർക്ക് അസുഖം ബാധിച്ചു. 38 ലക്ഷത്തോളം പേർ ഇപ്പോഴും ചികിൽ‌സയിലാണ്. നമ്മുടെയൊരു പ്രത്യേകത ലോകത്താകെ വ്യാപിച്ചു കിടക്കുന്നതാണ് കേരളിയ സമൂഹം. വിദേശത്തിനിന്നേ് കോവിഡ് ബാധിച്ച് മരിച്ചവരെ കുറിച്ച് ഈ വേദിയിൽതന്നെ പലതവണ പറഞ്ഞു. കേരളത്തിലേക്കുള്ള യാത്ര മുടങ്ങിയതുകൊണ്ടു മരിച്ചവരല്ല ഇവരാരും. ഓരോ നാട്ടിലും ലഭ്യമായ ചികിത്സാ സൗകര്യങ്ങൾ അവർക്ക് ലഭിക്കുന്നുമുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here