ഇന്ത്യയിൽ കോവിഡ് കേസുകളില്‍ കുതിപ്പ് തുടരുന്നു. 24 മണിക്കൂറിനിടെ ഒന്നര ലക്ഷത്തിന് മുകളില്‍ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. പുതുതായി 1,68,912 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 904 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 1,52,879 കോവിഡ് കേസുകളും 839 മരണങ്ങളും സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആകെ മരണ സംഖ്യ 1,70,179 ആയി ഉയര്‍ന്നു . രാജ്യത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.

രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,35,27,717 ആയി. ഇതുവരെ 1,21,56,529 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 12,01,009 പേരാണ് ചികിത്സയില്‍ തുടരുന്നത്. രാജ്യത്ത് ഇതുവരെ 10,45,28,565 പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേ സമയം മഹാരാഷ്ട്രയില്‍ ഞായറാഴ്ച 63,294 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് രോഗബാധിതരുടെ കണക്ക് പ്രതിദിനം ഉയരുകയാണ്. ഇതോടെ സംസ്ഥാനത്ത് രോഗം പിടിപെട്ടവരുടെ എണ്ണം 34 ലക്ഷം കടന്നു. 349 പേരാണ് 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. മരണസംഖ്യ 57,987 ലേക്കെത്തി. 5.65 ലക്ഷം പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. കര്‍ണാടകയിലും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസം പതിനായിരം കടന്നു. ഞായറാഴ്ച 10,250 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 10,65,290 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here