ലയണൽ‌ മെസ്സി ബലോൻ ദ് ഓർ പുരസ്കാരവുമായി

പാരിസ് ∙ അര്‍ജന്റിനയുടെ സൂപ്പർ താരം ലയണൽ മെസ്സിക്ക് 2021ലെ ബലോൻ ദ് ഓർ പുരസ്കാരം ലഭിക്കാനായി പിഎസ്ജി അധികൃതർ വഴിവിട്ട ഇടപെടൽ നടത്തിയതായി റിപ്പോർ‌ട്ട്. പിഎസ്ജിയും ഫ്രാൻസ് ഫുട്ബോളിന്റെ മുൻ എഡിറ്റർ ഇൻ ചീഫ് പാസ്കൽ ഫെരേയുമായി ‘വളരെ അടുത്ത ബന്ധം’ ഉണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. പുരസ്കാരം നല്‍കുന്ന ബലോൻ ദ് ഓർ ഗാലയുടെ ചുമതലയും പാസ്കൽ ഫെരേയ്ക്ക് ഉണ്ടായിരുന്നു. ഫ്രഞ്ച് മാധ്യമമായ ലേമോൻഡെ ആണ് റിപ്പോർ‌ട്ട് പുറത്തുവിട്ടത്.

2021ൽ മെസ്സിക്ക് ഏഴാം ബലോൻ ദ് ഓർ ലഭിക്കാനായി പിഎസ്ജി പാസ്കൽ ഫെരേയ്ക്ക് നിരവധി ‘സമ്മാനങ്ങൾ’ നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. വിഐപി ടിക്കറ്റുകളും ഖത്തർ എയർവേസിൽ റൗണ്ട് ട്രിപ് ബിസിനസ് ഫ്‌ളൈറ്റുകളുമുൾപ്പെടെയുള്ള സമ്മാനങ്ങളാണ് പിഎസ്ജി ഫെരേയ്ക്ക് നൽകിയത്. മെസ്സി ബാഴ്‌സലോണ വിട്ട് പിഎസ്ജിയില്‍ കളിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ സംഭവങ്ങൾ നടക്കുന്നത്.

സംഭവത്തില്‍ പിഎസ്ജി മുന്‍ ഡയറക്ടര്‍ ജീന്‍ മാര്‍ഷ്യല്‍ റൈബ്‌സിനെതിരേ അന്വേഷണമാരംഭിച്ചു. 2021ലെ പുരസ്കാര നേട്ടത്തോടെ, ബലോൻ ദ് ഓർ ലഭിക്കുന്ന ആദ്യ പിഎസ്ജി താരമായി മെസ്സി മാറി. കഴിഞ്ഞ വർഷം എട്ടാം ബലോൻ ദ് ഓർ സ്വന്തമാക്കിയ മെസ്സി തന്നെയാണ് ഏറ്റവും കൂടുതല്‍ തവണ ഈ പുരസ്കാര നേട്ടത്തിലെത്തിയ ഫുട്ബോളറും. പിഎസ്ജി വിട്ട താരം നിലവിൽ ക്ലബ് ഫുട്ബോളിൽ ഇന്റർ മയാമിക്കായാണ് കളിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here