നവംബര്‍ രണ്ട് മുതല്‍ 13 വരെ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 2,213 പ്രസാധകര്‍ പങ്കെടുക്കുമെന്ന് ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് ബിന്‍ റക്കദ് അല്‍ ആമിരി അറിയിച്ചു. ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ: സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് പുസ്തകമേള. ഇന്ത്യ, യു കെ, സിറിയ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ പ്രസാധകര്‍. വിദേശത്തു നിന്ന് 900 പ്രസാധകരെത്തും. 15 ലക്ഷം ശീര്‍ഷകങ്ങള്‍ ഉണ്ടാകും. 41-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളക്ക് 95 രാജ്യങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. 129 എഴുത്തുകാരെയും ബുദ്ധിജീവികളെയും അതിഥികളായി ക്ഷണിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച സാഹിത്യ കൂട്ടാണിത് .

1,047 പ്രവര്‍ത്തനങ്ങള്‍ക്ക് പുസ്തകമേള സാക്ഷ്യം വഹിക്കുമെന്ന് ജനറല്‍ കോര്‍ഡിനേറ്റര്‍ ഖൗല അല്‍ മുജൈനി പറഞ്ഞു. 15 രാജ്യങ്ങളില്‍ നിന്നുള്ള 70 എഴുത്തുകാര്‍, ബുദ്ധിജീവികള്‍, കലാകാരന്മാര്‍ എന്നിവരടങ്ങുന്ന ഒരു എലൈറ്റ് ഗ്രൂപ്പാണ് പുസ്തകമേളയുടെ സാംസ്‌കാരിക പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. അവര്‍ പാനല്‍ ചര്‍ച്ചകള്‍, ശില്‍പശാലകള്‍, വായന എന്നിവ ഉള്‍പ്പെടെ 200 പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കും. ഇറ്റലിയാണ് അതിഥി രാജ്യം. ഇറ്റലി 17 സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും.

ഇവയില്‍ നാല് പരിപാടികള്‍ കുക്കറി കോര്‍ണറിന്റെ ഭാഗമാണ്. കുട്ടികള്‍ക്കുള്ള അഞ്ച് ശില്‍പശാലകള്‍, ആറ് വിനോദ പരിപാടികള്‍ ഇറ്റലി നടത്തും. പങ്കെടുക്കുന്ന ശ്രദ്ധേയ ഇറ്റാലിയന്‍ എഴുത്തുകാരില്‍ വിയോള ആര്‍ഡോണ്‍, ലൂയിഗി ബാലേരിനി, അലസ്സാന്‍ഡ്രോ ബാരിക്കോ, ഫ്രാന്‍സെസ്‌ക കൊറാവോ എന്നിവര്‍ ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ നിന്ന് ബുക്കര്‍ ജേത്രി ഗീതാഞ്ജലി മിശ്ര എത്തും. മലയാളത്തില്‍ നിന്ന് നിരവധി മുന്‍നിര എഴുത്തുകാര്‍ സംബന്ധിക്കും. നിരവധി പുസ്തക പ്രകാശനങ്ങള്‍ നടക്കും.

ഷാര്‍ജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഖലാഫ്, ദുബൈ ഇറ്റലി കോണ്‍സല്‍ ജനറല്‍ ഗ്യൂസെപ്പെ ഫിനോച്ചിയാരോ, എസ് ബി എയിലെ പ്രസാധക സേവനങ്ങളുടെ ഡയറക്ടര്‍ മന്‍സൂര്‍ അല്‍ ഹസ്സനി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു .

LEAVE A REPLY

Please enter your comment!
Please enter your name here