കേരളത്തിൽ വ്യാഴാഴ്ച 2406 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2067 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോവിഡ് മഹാമാരിയുടെ അതിനിർണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

രോഗത്തിന്റെ അവസ്ഥ ഉച്ഛസ്ഥായിലാണെന്ന് പറയാനാകില്ല. ലോകത്ത് കോവിഡ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് കേരളം. ഈ പ്രത്യേകത കൂടി കണക്കിലെടുത്താൽ രോഗത്തെ അതിന്റെ ഉച്ഛസ്ഥായിലെത്താൻ അനുവദിക്കാതെ കൂടുതൽ സമയം പിടിച്ചു നിർത്താനായി. നമ്മുടെ രാജ്യം ഇപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി മാറി.

75,995 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 47,857 കേസുകളുമായി രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ബ്രസീലുമായി താരതമ്യം ചെയ്യുമ്പോഴാണ് നമ്മുടെ രാജ്യത്തെ സ്ഥിതി എത്ര ഗുരുതരമാണെന്ന് മനസ്സിലാകുക. മരണം ഒരു ദിവസം ഏകദേശം 1000ൽ കൂടുതലുണ്ടാകുന്ന സാഹചര്യമാണ് രാജ്യത്ത്. ബുധനാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടത് 1017 മരണങ്ങളാണ്. ദക്ഷിണേന്ത്യയിൽ രോഗം വ്യാപനം രൂക്ഷമാകുന്നു. കർണാടകയിൽ കേസുകൾ മൂന്നു ലക്ഷം കഴിഞ്ഞു. അയ്യായിരത്തോളം പേരാണ് മരിച്ചത്.

മറ്റൊരു അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ കേസുകൾ നാലു ലക്ഷമായി. ഏതാണ്ട് 7000 പേർ മരിച്ചു. കർണാടകയിൽ 10 ലക്ഷത്തിൽ‌ 82 പേരും തമിഴ്നാട്ടിൽ 10 ലക്ഷത്തിൽ 93 പേരുമാണ് കോവിഡ് മൂലം മരിച്ചത്. കേരളത്തിൽ 10 ലക്ഷത്തിൽ 8 പേർ എന്ന നിലയ്ക്ക് മരണസംഖ്യ പിടിച്ചുനിർത്താനായി. കർണാടകയിലേയോ തമിഴനാട്ടിലെയോ നിലയിലായിരുന്നു ഇവിടെയുമെങ്കിൽ ആയിരക്കണക്കിന് മരണം ഇവിടെയും സംഭവിച്ചേനേ.

ഈ സംസ്ഥാനങ്ങളേക്കാൾ കൂടുതൽ ജനസാന്ദ്രത, വയോജനങ്ങളുടെ എണ്ണം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ ഉള്ളവരുടെ എണ്ണം എന്നിവ കേരളത്തിൽ കൂടുതലാണ്. ഇതെല്ലാമുണ്ടായിട്ടും രോഗവ്യാപനവും മരണനിരക്കും പിടിച്ചുനിർത്താനായത് ജനങ്ങളുടെ സഹകരണം മൂലമാണ്. അതോടൊപ്പം സർക്കാർ സംവിധാനങ്ങളുടെ മികച്ച പ്രവർത്തനവും. ആരോഗ്യസംവിധാനങ്ങളുടെ ശാക്തീകരണം, ജനങ്ങളുടെ പങ്കാളിത്തത്തോടെ ബ്രേക് ദ് ചെയിൻ ക്യാംപെയ്‌ൻ കൂടുതൽ ഫലപ്രദമാക്കുക എന്നീ കാര്യങ്ങളാണ് പ്രധാനമായും പരിഗണിക്കുന്നത്. രോഗവ്യാപനത്തിന്റെ തോത് ഫലപ്രദമായി വിനിയോഗിച്ചതുകൊണ്ട് ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താനായി.
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ, ആവശ്യത്തിന് ലാബ് പരിശോധന സംവിധാനങ്ങൾ, കോവിഡ് സെന്ററുകൾ‌, കൂടുതൽ ആരോഗ്യപ്രവർത്തകർ, കോവിഡ് ബ്രിഗേഡ് ഇങ്ങനെ രോഗാവസ്ഥ അതിന്റെ പരമോന്നതിയിൽ എത്തുമ്പോൾ അതിനെ ഫലപ്രദമായി പ്രതിരോധിക്കാൻ നമുക്കായി. നിലവിലുള്ളതിനേക്കാൾ‌ എട്ടുമടങ്ങ് രോഗികൾ വർധിച്ചാൽ വരെ ചികിത്സ നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ജീവൻ സംരക്ഷിക്കുന്നതിനൊപ്പം ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ട സാഹചര്യം അനിവാര്യമാണ്.

അതിനാൽ കൂടുതൽ ഇളവ് നൽകേണ്ടി വന്നു. എന്നാൽ ബ്രേക് ദ് ചെയിൻ ക്യാംപെയ്ൻ കൃത്യമായി മുന്നോട്ട് കൊണ്ടു പോകണം. ഒരോരുത്തരും അവരവരുടെ ചുറ്റം സുരക്ഷാ വലയം തീർക്കണം. കോവിഡ് നിരുപദ്രവകാരിയായ ഒരു രോഗമാണെന്നും മരണനിരക്ക് ഒരു ശതമാനമേ ഉള്ളൂവെന്നും അതിനാലും വന്നു പോയാലും പ്രശ്നമില്ലെന്നുമുള്ള അപകടകരമായ ഒരു പ്രചരണം ഒരു ഭാഗത്ത് നടക്കുന്നുണ്ട്. അത് ആളുകളിൽ പ്രബലമായാൽ വലിയ അപകടം ക്ഷണിച്ചുവരുത്തും.

മൂന്നര കോടിയോളം ജനസംഖ്യയുള്ള കേരളത്തിൽ ഒരു ശതമാനമെന്നത് മൂന്നര ലക്ഷമാണെന്ന് എല്ലാവരും ഓർക്കണം. അതിന്റെ പകുതിയാണെങ്കിലും വരുന്ന സംഖ്യ എത്രയാണെന്ന് ചിന്തിക്കുക. അതുപോലൊരു സാഹചര്യം അഭിമുഖീകരിക്കാനാകുമോ എന്നാണ് ഈ പ്രചരണം നടത്തുന്നവർ ചിന്തിക്കേണ്ടത്. മരണനിരക്ക് എത്ര ചെറുതാണെങ്കിലും രോഗികളുടെ എണ്ണം കൂടുമ്പോൾ മരണങ്ങളുടെ എണ്ണവും ആനുപാധികമായി വർധിച്ചേക്കും. ചിലരുന്നയിക്കുന്ന പ്രശ്നം സ്വീഡനെ മാതൃകയാക്കികൂടെ എന്നാണ്. അവിടെ പത്ത് ലക്ഷത്തിൽ 575 പേരെന്ന് നിലയ്ക്കാണ് മരണം. കേരളത്തിന്റെ നൂറിരട്ടിയാണ്. ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള പ്രദേശമായി കേരളത്തെ നിലനിർത്തിയേ തീരൂ എന്ന് ദൃഡനിശ്ചയം ചെയ്യണം.

LEAVE A REPLY

Please enter your comment!
Please enter your name here