കേരളത്തിൽ തിങ്കളാഴ്ച 2540 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2110 പേർ രോഗമുക്തരായി. 15 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 2346 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 212 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് തിങ്കളാഴ്ച രോഗം ബാധിച്ചത്. കഴി‍ഞ്ഞ 24 മണിക്കൂറിൽ 22,279 സാംപിളുകൾ പരിശോധിച്ചു. സംസ്ഥാനത്ത് ആകെ 39,486 കോവിഡ് ആക്റ്റീവ് കേസുകളാണ് ഉള്ളത്.

രാജ്യം ലോക്ഡൗണിൽനിന്ന് പൂർണ സജീവതയിലേക്ക് വരികയാണ്. ഇപ്പോൾ സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനങ്ങൾ പൂർണമായി ഇല്ല. ഒട്ടുമിക്കതിലും യാത്രക്കാരുടെ ബാഹുല്യവും ഇല്ല. വരും ദിവസങ്ങളിൽ സ്ഥിതി മാറും. എല്ലാ വാഹനങ്ങളും ഓടിത്തുടങ്ങുകയും അടച്ചിട്ട കടകൾ തുറക്കുകയും ചെയ്യും. അങ്ങനെ വരുമ്പോൾ ഇന്നുള്ളതിനേക്കാൾ രോഗവ്യാപന തോത് വർധിക്കുകയും ചെയ്യും. ഇപ്പോഴും വർധിക്കുകയാണ്. രാജ്യത്ത് ആകെ കോവിഡ് വ്യാപനം രൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 92, 071 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായി 5 ദിവസമായി രോഗബാധിതരുടെ എണ്ണം 90,000 മുകളിലാണ്. ആകെ രോഗം ബാധിച്ചവർ 45 ലക്ഷത്തിൽ അധികം. 10 ലക്ഷത്തോളം പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

ഒറ്റ ദിവസത്തെ മരണം 1136. നമ്മുടെ അയൽസംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. കർണാടകയിൽ 90,000ത്തോളം കേസുകളും 7000ത്തോളം മരണവുമാണ് ഉള്ളത്. തമിഴ്നാട്ടിൽ 8000ത്തോളം മരണവും ആയി. ഈ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ഹൃസ്വസന്ദർശനത്തിന് ഉൾപ്പെടെ എത്തുന്നു എന്നതും ഓർക്കണം. ഇന്നലെ ഞായറാഴ്ച ആയതിനാൽ പരിശോധനയുടെ എണ്ണം കുറഞ്ഞു. എന്നാൽ രോഗം ബാധിക്കുന്നവരുടെ എണ്ണം അതിനനുസരിച്ച് കുറഞ്ഞില്ല. 50,000വരെ പരിശോധനകൾ നടത്തണമെന്നാണ് തീരുമാനിച്ചിരുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here