കേരളത്തിൽ ഇന്ന് 42 പേർക്ക് കോവിഡ് ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 2 പേര്‍ക്കു നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇത്രയേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്. കണ്ണൂർ– 12, കാസർകോട്– 7, കോഴിക്കോട്, പാലക്കാട്– 5, തൃശൂർ, മലപ്പുറം – 4, കോട്ടയം– 2, കൊല്ലം, പത്തനംതിട്ട, വയനാട് –1 എന്നിങ്ങനെയാണു രോഗബാധിതരുടെ എണ്ണം. ഇതിൽ 21 പേർ മഹാരാഷ്ട്രയിൽ നിന്നെത്തിയവരാണ്.

ഇന്ന് വൈറസ് ബാധിതരിൽ ഉണ്ടായ വർധന വളരെയധികം ആശങ്കയുയർത്തുന്നു. രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിൽ പരിഭ്രമിച്ച് നിസഹായത പ്രകടിപ്പിക്കില്ല. ലോക്ഡൗൺ നിയന്ത്രണങ്ങവിൽ ഇളവു വരുത്തിയത് ജീവിതം മുന്നോട്ടു കൊണ്ടുപോകാനാണ്, ആഘോഷിക്കാനായി ആരും ഇറങ്ങരുത്. പൊതുഗതാഗതം ആരംഭിച്ചതിനാൽ തിരക്ക് കൂടിയിട്ടുണ്ട്. കുട്ടികളെയും വയോജനങ്ങളെയിമായി പുറത്തിറങ്ങരുത്. റിവേഴ്സ് ക്വാറന്റീൻ നിർദേശിക്കുന്നത് കുട്ടികളിലും വയോജനങ്ങളിലും രോഗവ്യാപനം ഉണ്ടാവാതിരിക്കാനാണ്. എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ മേയ് 26 മുതൽ 30 വരെ കർശനമായ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടക്കും. ഇതു സംബന്ധിച്ച് മർഗനിർദേശങ്ങൾ പ്രധാന അധ്യാപകർക്കും വിദ്യാർഥികൾക്കും നൽകി.  

വിദ്യാർഥകൾ പരീക്ഷയ്ക്ക് എത്തിച്ചേരുന്നതിലും ധാരണയായി. മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്ന വിദ്യാർഥികൾക്ക് 14 ദിവസം ക്വാറന്റീൻ നിർബന്ധം. ഹോം ക്വാറന്റീനിൽ കഴിയുന്ന വിദ്യാർഥികൾക്ക് പ്രത്യേക സൗകര്യമൊരുക്കും. വിദ്യാർഥികൾക്ക് തെർമൽ സ്ക്രീനിങ് നിർബന്ധമാക്കും. അധ്യാപകർ ഗ്ലൗസ് ധരിക്കും. ഉത്തരക്കടലാസ് ഏഴു ദിവസം പരീക്ഷാ കേന്ദ്രത്തിൽ തന്നെ സൂക്ഷിക്കും. വീട്ടിലെത്തിയ ഉടൻ കുട്ടികൾ കുളിച്ച് ദേഹം ശുചിയാക്കിയ ശേഷമേ വീട്ടുകാരുമായി ഇടപെടാവൂ. പരീക്ഷ നടത്തുന്ന എല്ലാ വിദ്യാലയങ്ങളും ഫയർഫോഴ്സിന്റെ  സഹായത്തോടെ അണുവിമുക്തമാക്കും. 

തെർമൽ സ്ക്രീനിങ്ങിനായി പരീക്ഷാ കേന്ദ്രങ്ങളിലേക്ക് 5000 ഐആർ തെർമോമീറ്ററുകൾ വാങ്ങും. സാനിറ്റൈസർ, സോപ്പ് എന്നിവ എല്ലാ വിദ്യാലയങ്ങളിലും ലഭ്യമാക്കുന്നതിന് പ്രഥമാധ്യാപകർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. ആരോഗ്യചിട്ടകൾ അടങ്ങിയ നിർദേശങ്ങളും മാസ്കും കുട്ടികളുടെ വീടുകളിൽ എത്തിക്കാൻ ആരോഗ്യപ്രവർത്തകർക്ക് നിർേദശം നൽകി. വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗം സ്കൂളുകളിലെ വിദ്യാർഥികൾക്ക് മാസ്കുകൾ എൻഎസ്എസ് വഴി വിതരണം ചെയ്യും.

തദ്ദേശ സ്വയംഭരണ വകുപ്പ്, ഗതാഗത വകുപ്പ്, ആരോഗ്യം, ഫയർഫോഴ്സ്, പൊലീസ് ഇവരുടെ എല്ലാം പിന്തുണ പരീക്ഷാ നടത്തിപ്പിനുണ്ടാകും. പരീക്ഷാ കേന്ദ്ര മാറ്റത്തിനായി എസ്എസ്എൽസി 1856, എച്ച്എസ്‌സി 8835, വിഎച്ച്എസ്‌സി 219 എന്നിങ്ങനെ 10920 കുട്ടികൾ അപേക്ഷ സമർപ്പിച്ചു. മാറ്റം അനുവദിക്കപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്ക് ആവശ്യമായ ചോദ്യപേപ്പർ വിദ്യാഭ്യാസ ഓഫിസർമാർ ബന്ധപ്പെട്ട വിദ്യാലയങ്ങളിൽ എത്തിക്കും. ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ എല്ലാം പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷാ നടത്തിപ്പിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഗൾഫിലെ സ്കൂളുകളിൽ പരീക്ഷ നടത്തുന്നതിന് അനുമതി ലഭ്യമായി. മുഴുവൻ കുട്ടികൾക്കും പരീക്ഷ എഴുതാനും ഉപരിപഠനത്തിനും അവസരം ഒരുങ്ങും. ഏതെങ്കിലും വിദ്യാർഥികൾക്ക് പരീക്ഷ എഴിതാൻ ഈ തീയതികളിൽ കഴിഞ്ഞില്ലെങ്കിൽ അവർ ആശങ്കപ്പെടേണ്ടതില്ല. അവർക്ക് ഉപരിപഠനത്തിലുള്ള അവസരം നഷ്ടപ്പെടാത്ത രീതിയിൽ സേ പരീക്ഷക്കൊപ്പം റെഗുലർ പരീക്ഷയ്ക്കുള്ള അവസരം ഒരുക്കും. പരീക്ഷ സംബന്ധിച്ച സംശയങ്ങൾ ഏകോപിപ്പിക്കുന്നതിനായി പൊതു വിദ്യാഭ്യാസ ഡയറക്ടറും ജില്ലകളിലെ വിദ്യാഭ്യാസ ഓഫിസർമാരും ഉള്‍പ്പെടെ 23  മുതൽ വാർ റൂമുകൾ പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here