ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം എഡിഷന് യുഎഇ യില്‍ ആരംഭം കുറിക്കാനിരിക്കെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ഇത്തവണത്തെ ഐപിഎല്ലില്‍ 50 ശതമാനം കാണികളെ ഉള്‍ക്കൊള്ളിക്കാന്‍ യുഎഇ പദ്ധതിയിടുന്നുവെന്നാണ് ഏറ്റവും പുതിയ വിവരം. നിലവിലെ കോവിഡ് പശ്ചാത്തലത്തില്‍ കാണികളെ അനുവദിക്കില്ലെന്നായി രുന്നു ആദ്യത്തെ റിപ്പോർട്ട്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി സാമൂഹിക അകലം ഉള്‍പ്പെടെ പാലിച്ച്‌ 50% കാണികളെ ഉള്‍പ്പെടുത്തുന്ന കാര്യങ്ങളാണ് പരിശോധിച്ച്‌ വരുന്നത്. നിലവില്‍ 6000 രോഗികൾ മാത്രമാണ് യുഎഇയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതിനാല്‍ത്തന്നെ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണ്.

എന്നാല്‍ ഐപിഎല്ലില്‍ കാണികളെ അനുവദിക്കണമെങ്കില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെയും ബിസിസി ഐയുടെയും അനുവാദം കൂടി ആവശ്യമാണ്.നിലവില്‍ യുഎഇ ക്രിക്കറ്റ് ബോര്‍ഡ് കാണികളെ അനുവദിക്കുന്നതിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ‘ബിസിസി ഐയില്‍ നിന്ന് സ്ഥിരീകരണ വിവരം ലഭിച്ചാല്‍ ഞങ്ങളുടെ സര്‍ക്കാര്‍ മറ്റ് കാര്യങ്ങളുമായി മുന്നോട്ടുപോകാന്‍ തയ്യാറാണ്. തീര്‍ച്ചയായും ഞങ്ങളുടെ ആളുകള്‍ക്ക് ഈ അനുഭവം ലഭ്യമാക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഇത് സര്‍ക്കാരിന്റെ തീരുമാനമാണ് എന്നും യുഎഇ ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞിരുന്നു. നേരത്തെ ഐപിഎൽ വേദി പ്രഖ്യാപിച്ചപ്പോള്‍ തന്നെ കാണികളെ പരിഗണിക്കുമെന്ന തരത്തില്‍ യുഎഇ ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം ഇപ്പോഴും ശക്തമായി തുടരുന്നതിനാല്‍ എല്ലാ സര്‍ക്കാരുകളുടെയും അഭിപ്രായം മാനിച്ചുമാത്രമെ കാണികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കു.

നിലവിലെ റിപ്പോര്‍ട്ട് പ്രകാരം സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 8വരെയാണ് ഐപിഎല്‍ നടക്കുന്നത്. ഇതിനായി വിദേശ ക്രിക്കറ്റ് ബോര്‍ഡുകള്‍ താരങ്ങള്‍ക്ക് എന്‍ഒസി നല്‍കുമെന്നും ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. കോവിഡ് വ്യാപനം യുഎഇയില്‍ അത്ര ശക്തമല്ലാത്തതിനാല്‍ താരങ്ങള്‍ക്ക് നിലവില്‍ ക്വാറന്റൈന്‍ ആവശ്യം ഇല്ലെന്നും നേരത്തെ യുഎഇ ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കിയി രുന്നു. താരങ്ങള്‍ക്ക് സാധാരണ രീതി യിലുള്ള പരിശോധന മാത്രമാകും യുഎഇയില്‍ ഉണ്ടാകുക. നിരവധി വിദേശ താരങ്ങള്‍ പങ്കെടുക്കുന്ന ഐപിഎല്ലില്‍ താരങ്ങള്‍ക്ക് സുരക്ഷയൊരുക്കുകയെന്ന കടുത്ത വെല്ലുവിളിയാണ് ബിസിസിഐക്ക് മുന്നിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here