അഫ്ഗാനിസ്ഥാന് സ്പിന്നര്‍ റാഷിദ് ഖാന് ബിഗ് ബാഷ് ടീമായ അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സില് തുടരും. മറ്റു ടീമുകളില്‍ നിന്ന് താരത്തെ സ്വന്തമാക്കാന്‍ ശ്രമം ഉണ്ടായിരുന്നെങ്കിലും ബിഗ്ബാഷ് ലീഗിന്റെ പത്താമത്തെ എഡിഷനില്‍ റാഷിദ് ഖാന് അഡ്ലൈഡ് സ്ട്രൈക്കേഴ്സില് തുടരുമെന്ന് തീരുമാനിക്കുകയായിരുന്നു. അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സിന് വേണ്ടി കളിയ്ക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം ഉണ്ടെന്നും തുടക്കം മുതല്‍ തന്നെ ബിഗ്ബാഷ് ലീഗ് തനിക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നെന്നും റഷീദ് ഖാന് പറഞ്ഞു.
കഴിഞ്ഞ മൂന്ന് സീസണുകളില്‍ റാഷിദ് ഖാന് അഡ്ലൈഡ് സ്ട്രൈക്കേഴ്സ് താരമായിരുന്നു. അവര്‍ക്ക് വേണ്ടി 40 ബിഗ്ബാഷ് മത്സരങ്ങള്‍ കളിച്ച റാഷിദ് ഖാന് 56 വീഴ്ത്തിയിട്ടുണ്ട്. അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് എടുത്ത താരം കൂടിയാണ് റാഷിദ് ഖാന്. നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈടെരബാദിന് വേണ്ടി കളിക്കുകയാണ് റാഷിദ് ഖാന്. 2020-21 സീസണിലെ ബിഗ്ബാഷ് ലീഗ് ഡിസംബര്‍ ആദ്യ വാരം ആരംഭിക്കും.