യു.എ.ഇ യുടെ ബഹിരാകാശനേട്ടത്തിന് സ്‌മാരകമൊരുങ്ങുന്നു. ബഹിരാകാശരംഗത്തെ നേട്ടം ആഘോഷിക്കാൻ സ്മാരകം നിർമിക്കാനൊരുങ്ങി യു.എ.ഇ. രാജ്യത്തിന്റെ അഭിമാനമായ ബഹിരാകാശ പേടകം ഹോപ്പ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചയുടൻ ബഹിരാകാശം പ്രമേയമാക്കിയുള്ള ജലധാരയുടെ നിർമാണം തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ദുബായിലോ അബുദാബിയിലോ ആയിരിക്കും ബഹിരാകാശ ജലധാര നിർമിക്കുക. സേലം അൽ മെസ്സാബി, അബ്ദുൽ അസീസ് അൽ മെഹൈരി, ഹമദ് അൽ നുഐമി, സാദേക് അൽ കാതരി തുടങ്ങിയ ഇമറാത്തി ഡിസൈനർമാർ ജലധാരയ്ക്കുവേണ്ട അന്തിമരൂപം നൽകും.

ലോകമെമ്പാടുമുള്ള നിരവധി കലാകാരൻമാരും ബഹിരാകാശ ജലധാര നിർമിക്കാനുള്ള ആശയങ്ങൾ കൈമാറിയിട്ടുണ്ട്. 2025-ൽ ജപ്പാനിൽ നടക്കാനിരിക്കുന്ന ലോക എക്സ്‌പോയ്ക്കുള്ള ഒമ്പത് ജലധാരകൾ രൂപകല്പന ചെയ്ത ജാപ്പനീസ്-അമേരിക്കൻ കലാകാരൻ ഇസാമു നൊഗുച്ചിയുടെ സ്വാധീനവും ജലധാരയ്ക്ക് പിറകിലുണ്ടാകും. 2020 ജൂലായ് 19-ന് വിക്ഷേപിച്ച ഇമറാത്തി-ജാപ്പനീസ് എച്ച് 2 എ റോക്കറ്റിന് സമാനമാണ് ജലധാരയുടെ രൂപകല്പന. 30 മീറ്റർ ഉയരത്തിൽ ഹോപ്പ് പ്രോബ് വിക്ഷേപണത്തെ അനുകരിക്കുന്ന തരത്തിലായിരിക്കും പ്രധാന ഘടനയെന്നും അബുദാബി ഡിസൈൻ സ്റ്റുഡിയോ ക്രിയേറ്റീവ് ഡയറക്ടർ സേലം അൽ മെസാബി വിശദീകരിച്ചു. പദ്ധതി നിർമാണത്തിന് ആറുമാസംവരെ സമയമെടുക്കും. ഫെബ്രുവരി ഒമ്പതിനാണ് യു.എ.ഇ.യുടെ ആദ്യ ചൊവ്വാദൗത്യമായ ഹോപ്പ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here