ബാറ്റ്സ്മാന്മാര് പണിയെടുത്തില്ലെങ്കിലും ബൗളര്‍മാരുടെ മിടുക്കില്‍ ഒരു മത്സരം കൂടി സ്വന്തമാക്കി മുംൈബ ഇന്ത്യന്‍സ്. മുംബൈ ഉയര്‍ത്തിയ 151 റണ്‍സിന്റെ കുഞ്ഞന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് 137 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ച് കൂടാരം കയറുകയായിരുന്നു. മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടും രാഹുല്‍ ചഹാറുമാണ് ഹൈദരാബാദിനെ കീറിമുറിച്ചത്. നാലോവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങി ഒരുവിക്കറ്റുമെടുത്ത ജസ്പ്രീത് ബുംറ മുംബൈ വിജയത്തില്‍ ഒരിക്കല്‍ കൂടി നിര്‍ണായക പങ്കുവഹിച്ചു. മൂന്ന് മത്സരങ്ങളില്‍ നിന്നും ഹൈദരാബാദിന്റെ മൂന്നാം തോല്‍വിയും മുംബൈയുടെ രണ്ടാം ജയവുമാണിത്.
വിക്കറ്റ് നഷ്ടപ്പെടാതെ 67 റണ്‍സിലെത്തിയ ശേഷമായിരുന്നു ഹൈദരാബാദിന്റെ തകര്‍ച്ച. 36 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍, 22 പന്തില്‍ നിന്നും 43 റണ്‍സെടുത്ത ജോണി ബാരിസ്റ്റോ എന്നിവര്‍ വീണതോടെ ഹൈദരാബാദ് സമ്മര്‍ദത്തിലേക്ക് വീഴുകയായിരുന്നു. മനീഷ് പാണ്ഡേ (2), അഭിഷേക് ശര്‍മ (2), വിരാട് സിങ് (11), അബ്ദുല്‍ സമദ് (7), റാഷിദ് ഖാന് (0), ഭുവനേശ്വര്‍ കുമാര്‍ (1), ഖലീല്‍ അഹമ്മദ് (1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവനകള്‍. 28 റണ്‍സെടുത്ത വിജയ് ശങ്കര്‍ അവസാന ഓവറുകളില്‍ വിജയത്തിന് ശ്രമിച്ചെങ്കിലും എത്തിപ്പിടിക്കാനായില്ല. ബാംഗ്ലൂരിനെതിരെ കഴിഞ്ഞ മത്സരത്തില്‍ 149 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദ് ആറു റണ്‍സകലെ പോരാട്ടം അവസാനിപ്പിച്ചിരുന്നു. അതേ സമയം 152 റണ്‍സ് മാത്രമെടുത്ത മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 142 റണ്‍സിലൊതുക്കിയാണ് കഴിഞ്ഞ മത്സരം കഴിഞ്ഞ മത്സരം വിജയിച്ചിരുന്നത്.