ലോകത്ത് ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളിൽ ഒന്നായ ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് കോവിഡ് കാലത്ത് ഏറ്റവുമധികം സുരക്ഷാ സൗകര്യങ്ങൾ ഒരുക്കിയതിനും യാത്രക്കാരെ സുരക്ഷിതമായി കൈകാര്യം ചെയ്തതിനും രാജ്യാന്തര അംഗീകാരം.

എയർപോർട്സ് കൗൺസിൽ ഇന്റർനാഷനലിന്റെ എയർപോർട് ഹെൽത്ത് അക്രഡിറ്റേഷൻ പ്രോഗ്രാം അംഗീകാരമാണ് ലഭിച്ചത്. യാത്രക്കാർക്കായി 40 ലക്ഷം പിസിആർ പരിശോധനകളാണ് വിമാനത്താവളത്തിൽ നടത്തിയത്. പരിശോധനകൾ സുഗമമാക്കുന്നതിന് 86 കേന്ദ്രങ്ങളാണ് വിമാനത്താവളത്തിനുള്ളിൽ തുടങ്ങിയത്.

ജനുവരി മുതൽ മാർച്ചുവരെ മാത്രം 5.75 ദശലക്ഷം യാത്രക്കാരാണ് ദുബായ് വിമാനത്താവളത്തിൽ എത്തിയത്. ഒരുലക്ഷത്തിലധികം ജീവനക്കാർക്ക് വാക്സീൻ നൽകി. ഒരു മാസം ശരാശരി 12430 ലീറ്റർ അണുനാശിനിയാണ് വിമാനത്താവളം വൃത്തിയാക്കാൻ ഉപയോഗിക്കുന്നത്. താപപരിശോധനയ്ക്ക് 43 തെർമൽ സ്കാനിങ് ക്യാമറകളും സാനിറ്റൈസർ വിതരണത്തിന് 775 ഡിസ്പെൻസറുകളും ഉണ്ട്. 1275 സുരക്ഷാ സ്ക്രീനുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

യാത്ര സുരക്ഷിതവും സുഗമവും ആക്കുന്നതിന് വാക്സീൻ കഴിഞ്ഞ യാത്രക്കാർക്ക് അയാട്ട ഏർപ്പെടുത്തിയ മൊബൈൽ ആപ്ലിക്കേഷനായ ട്രാവൽ പാസ് ദുബായ് വിമാനത്താവളത്തിൽ എമിറേറ്റ്സ് വിമാനക്കമ്പനി ഏപ്രിൽ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുണ്ട്. മേയ് മൂന്നിന് ബാഴ്സിലോണയ്ക്കു പോയ വിമാനത്തിൽ യാത്രക്കാരെല്ലാം പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽ പാസ്പോർടാണ് ഉപയോഗിച്ചതും.

LEAVE A REPLY

Please enter your comment!
Please enter your name here