ഭക്ഷ്യസുരക്ഷയുറപ്പാക്കുന്നതിന്റെ ഭാഗമായി പ്രാദേശിക വിളകളുടെ ഉത്പാദനത്തിന് സുസ്ഥിര പദ്ധതികളുമായി അബുദാബി കാർഷിക ഭക്ഷ്യസുരക്ഷാ വകുപ്പ്. എമിറേറ്റിലെ എല്ലാകർഷകർക്കും സ്മാർട്ട് കാർഷിക പദ്ധതിയുടെ ഭാഗമാകാം. യു.എ.ഇ. 2050 പദ്ധതിയുടെ ഭാഗമായി കാലാവസ്ഥാ മാറ്റങ്ങൾക്കനുസൃതമായി ആഗോളരീതികൾ കൂടി സമന്വയിപ്പിച്ചുകൊണ്ടുള്ള കാർഷിക രീതിയാണ് അവലംബിക്കുകയെന്ന് യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യമന്ത്രിയും ഭക്ഷ്യസുരക്ഷാ വകുപ്പ് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് പറഞ്ഞു.

ഉപ്പ് വേർതിരിച്ച കടൽവെള്ളവും ശുദ്ധീകരിച്ച മലിനജലവും കൃഷിക്ക് കൂടുതലായും ഉപയോഗിച്ച് ഭൂഗർഭജലസ്രോതസുകളെ പരമാവധി ആശ്രയിക്കാതെയുള്ള രീതിയാണ് പരീക്ഷിക്കുക. കൂടുതൽ വെള്ളം ആവശ്യമില്ലാത്ത വിളകളുടെ ഉത്പാദനത്തിന് പ്രാധാന്യം നൽകി മരുഭൂമിയിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതികൾ അവലംബിക്കും.

ജൈവകൃഷിരീതിയിലേക്ക് കൂടുതൽ കർഷകരെ ആകർഷിക്കും. നിലവിൽ അബുദാബിയിൽ 75 ഫാമുകളിൽ ജൈവകൃഷിരീതികൾ പരീക്ഷിക്കുന്നുണ്ട്. കൂടുതൽ വിളവുനൽകുന്ന വെർട്ടിക്കൽ കൃഷിരീതിയിലും സ്മാർട്ട് സാങ്കേതികത പ്രയോജനപ്പെടുത്തിയുള്ള രീതികളിലും ജലസേചനത്തിലും നടപ്പാക്കാവുന്ന പരീക്ഷണങ്ങൾ വകുപ്പ് പരിശോധിച്ചുവരികയാണ്.

ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഭക്ഷ്യ-കാർഷിക വകുപ്പുമായി സഹകരിച്ച് ഭക്ഷ്യ ആവശ്യങ്ങൾക്കുള്ള വളർത്തുമൃഗങ്ങളിലെ അണുബാധയെക്കുറിച്ചുള്ള പഠനങ്ങളും പുരോഗമിക്കുന്നു. ഭക്ഷ്യസുരക്ഷയും ഫാമുകളുടെ നിലവാരവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി അബുദാബി ഗ്യാപ് പ്രോഗ്രാമും നടപ്പാക്കുന്നു. നിലവിൽ 550 ഫാമുകൾ ഈ അംഗീകാരത്തിനർഹമായി. 2022 അവസാനത്തോടെ 1500 ഫാമുകൾ പട്ടികയിലുൾപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here