വീഡിയോ ഗെയിമുകളുടെ പിറകിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്. ഇന്റർനെറ്റിൽ ഇലക്ട്രോണിക് ഗെയിമുകൾ പണം നൽകി വാങ്ങുകയോ വരിക്കാരാവുകയോ ചെയ്യുമ്പോൾ അതീവ ശ്രദ്ധ പുലർത്തണം. വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുന്ന സ്വകാര്യ വിവരങ്ങൾ ഒരിക്കലും ഇത്തരം സൈറ്റുകളിൽ പങ്കുവെക്കരുത്. കൂടുതൽ പണമുള്ള അക്കൗണ്ടുകളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ നടത്താതിരിക്കാൻ ശ്രമിക്കണമെന്നും പോലീസ് ഉപദേശിക്കുന്നു.

ഓൺലൈൻ ഇടപാടുകൾക്ക് വേണ്ടി ആവശ്യത്തിന് മാത്രം പണം നിറച്ച് ഉപയോഗിക്കാൻ ഒരു പ്രത്യേക അക്കൗണ്ടും കാർഡും മാറ്റിവെക്കാൻ ശ്രമിക്കണം. ശൈത്യകാല അവധിയാരംഭിക്കുന്നതോടെ കുട്ടികൾ ധാരാളമായി ഓൺലൈൻ ഗെയിമുകളടക്കമുള്ളവയിൽ സജീവമാവും. കോവിഡ് വ്യവസ്ഥകൾ നിലനിൽക്കുന്നതുകൊണ്ട് ഭൂരിഭാഗം പേരും ഇന്റർനെറ്റിൽ തന്നെയാവും കൂടുതൽ സമയം ചെലവഴിക്കുക. ഈ തക്കം മുതലെടുക്കാനായി തട്ടിപ്പുസംഘങ്ങളും ശ്രമം നടത്തും. ഇത് ജാഗ്രതയോടെ കാണണം. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ചൂഷണങ്ങളും കുട്ടികൾക്കെതിരേ പെരുകുന്നുണ്ട്. ഭീഷണികൾ, തെറ്റായ രീതിയിയിൽ സമീപിക്കൽ എന്നിവയെല്ലാം വെബ്‌സൈറ്റുകൾ, സാമൂഹമാധ്യമങ്ങൾ, ഓൺലൈൻ ഗെയിമുകൾ എന്നിവ വഴി നടക്കുന്നുണ്ട്. കുട്ടികൾക്ക് ഇത്തരം സാഹചര്യങ്ങൾ യുക്തിപരമായി കൈകാര്യം ചെയ്യാൻ കഴിയണമെന്നില്ല. ഇത് രക്ഷിതാക്കളോട് പങ്കുവെക്കാതിരിക്കുന്നതും പ്രശ്നങ്ങൾ സങ്കീർണമാക്കും. അതുകൊണ്ട് തന്നെ കുട്ടികളോട് സംസാരിക്കാൻ രക്ഷിതാക്കൾ തന്നെ സമയം കണ്ടെത്തണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

ഓൺലൈനായുള്ള ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അബുദാബി പോലീസ് അമാൻ കേന്ദ്രവുമായി ബന്ധപ്പെടണം. ടോൾ ഫ്രീ നമ്പറിലേക്ക് 8002626 നേരിട്ട് വിളിച്ചോ, 2828 എന്ന നമ്പരിലേക്ക് എസ്.എം.എസ്. അയച്ചോ, [email protected] വിലാസത്തിൽ മെയിൽ അയച്ചോ, സ്മാർട്ട് ആപ്പ് വഴിയോ എളുപ്പത്തിൽ പരാതിപ്പെടാമെന്നും പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here