നാലു മാസത്തോളം നീണ്ടുനിന്ന പ്രവേശനവിലക്കിന് ശേഷം ഒമാനിലേക്ക് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ എത്തിത്തുടങ്ങി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രവേശനവിലക്ക് അവസാനിച്ചത്. ഒമാൻ അംഗീകാരമുള്ള വാക്സിന്റെ 2 ഡോസ് സ്വീകരിച്ചവർക്ക് പ്രവേശനം ഉറപ്പാക്കാം. എട്ട് വാക്‌സിനുകള്‍ക്കാണ് ഒമാനില്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. ഫൈസര്‍, മൊഡേണ, ആസ്ട്രാസെനക, കോവിഷീല്‍ഡ്, സ്പുട്‌നിക്, സിനോവാക്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, സിനോഫാം എന്നിവയാണ് അംഗീകൃത വാക്സിനുകൾ. സാധുവായ റെസിഡന്റ് വിസക്കാര്‍ക്ക് പുറമെ എക്‌സ്പ്രസ്, സന്ദര്‍ശക വിസകളുള്ളവര്‍ക്കും യാത്രാനുമതി ലഭിക്കും.

നിബന്ധനകൾ:

യാത്രക്കാര്‍ രാജ്യലെത്തുന്നതിന് 14 ദിവസം മുമ്പ് രണ്ടാമത്തെ ഡോസ് സ്വീകരിച്ചിരിക്കണം.

72 മണിക്കൂര്‍ സമയത്തിനിടയിലെ പി.സി.ആര്‍ പരിശോധനാ ഫലം കൈവശമുള്ളവര്‍ക്ക് സമ്പര്‍ക്ക വിലക്കില്‍ നിന്ന് ഇളവ് ലഭിക്കും.

ഒമാനില്‍ നിന്ന് ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും വരാം. എന്നാല്‍ ഇവര്‍ക്ക് ഒമാനിലെത്തിയ ശേഷം പി.സി.ആര്‍ പരിശോധനയും ഒരാഴ്ചത്തെ സമ്പര്‍ക്കവിലക്കും എട്ടാമത്തെ ദിവസം പി.സി.ആര്‍ പരിശോധനയുമുണ്ടാകും. കൂടാതെ ഒമാനിലെത്തി വെകാതെ രണ്ടാമത്തെ ഡോസ് എടുക്കുകയും വേണം.

പി.സി.ആര്‍ പരിശോധന നടത്താതെ ഒമാനിലെത്തുന്നവരും വിമാനത്താവളത്തില്‍ പി.സി.ആര്‍ പരിശോധനക്ക് വിധേയമാവുകയും തറാസുദ് പ്ലസ് ബ്രേസ്‌ലെറ്റ് ധരിച്ച് നെഗറ്റിവ് റിസല്‍ട്ട് വരുന്നതുവരെ സമ്പര്‍ക്ക വിലക്കില്‍ കഴിയുകയും വേണം. പോസിറ്റിവ് ആയാല്‍ 10 ദിവസമാണ് സമ്പര്‍ക്ക വിലക്ക്.

ക്യു.ആര്‍ കോഡുള്ള വാക്‌സിന്‍, പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റുകളും യാത്രക്കാരുടെ കൈവശം ഉണ്ടായിരിക്കണം. കൊവിഡ് വന്ന് ഭേദമായവര്‍ക്കും ഐസൊലേഷന്‍ തെളിവുകള്‍ കാണിച്ചാല്‍ ഐസൊലേഷനില്‍നിന്ന് ഇളവു ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here