കോവിഡിനെത്തുടർന്ന് ജോലി നഷ്ടപ്പെട്ട ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന നടപടികൾ ഊർജിതമായി പുരോഗമിക്കുകയാണെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി അറിയിച്ചു. ആയിരക്കണക്കിന് ഇന്ത്യക്കാർ ജോലി നഷ്ടപ്പെട്ടോ ബിസിനസ് പ്രതിസന്ധിയിലായോ യു.എ.ഇയിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കോവിഡ് സൃഷ്ടിച്ച ഈ പ്രതിസന്ധി മറികടക്കാൻ ഇന്ത്യൻ സർക്കാർ യു.എ.ഇ. ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും ഡോ. അമൻ പുരി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. രേഖകൾ നഷ്ടപ്പെട്ട് ബുദ്ധിമുട്ടുന്നവർക്കുവേണ്ടി കോൺസുലേറ്റ് സമീപദിവസങ്ങളിൽ ഒട്ടേറെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എമർജൻസി സർട്ടിഫിക്കറ്റുകൾ വേഗത്തിൽ വിതരണംചെയ്യാൻ ഇപ്പോൾ സാധിക്കുന്നുണ്ട്. പാസ്‌പോർട്ട് വിതരണവും വേഗത്തിലാക്കും.

പാസ്‌പോർട്ടിന്റെ പകർപ്പ് പോലും കൈവശം ഇല്ലാത്തവർക്ക് ഇന്ത്യൻ പൗരനാണ് എന്ന് തെളിയിക്കുന്ന മറ്റ് എന്തെങ്കിലും രേഖ കാണിച്ചാൽ വേഗത്തിൽ പാസ്‌പോർട് നൽകാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരു ദിവസം ശരാശരി നാല്പത് എമർജൻസി സർട്ടിഫിക്കറ്റുകളാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. ബി.എൽ.എസ്. കേന്ദ്രങ്ങളിൽ ഫയലുകൾ കെട്ടിക്കിടക്കുന്നുണ്ട്. അടുത്തമാസം അവസാനത്തോടെ ഈ ഫയലുകളിൽ തീർപ്പ് കല്പിക്കും. ബി.എൽ.എസ്. സേവനം വേണ്ടവർക്ക് അപേക്ഷ നൽകി അഞ്ചുദിവസംകൊണ്ടുതന്നെ കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിക്കുന്നുണ്ട് എന്നും കോൺസൽ ജനറൽ വ്യക്തമാക്കി .

കോവിഡ് സമയത്തെ കോൺസുലേറ്റിന്റെ ഹെൽപ് ഡെസ്‌ക് നന്നായിത്തന്നെ പ്രവർത്തിച്ചു. ഒരുമാസം ഏകദേശം 80,000 ഫോൺ വിളികൾ എത്തി. വന്ദേഭാരതിൽ 3.75 ലക്ഷം പേർ ഇതിനകം നാട്ടിലേക്ക് മടങ്ങി. 600 പേർക്ക് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് സൗജന്യ വിമാന ടിക്കറ്റ് നൽകി. കോൺസുലാർ സേവനം ഇപ്പോൾ 365 ദിവസം ആയി വ്യാപിപ്പിച്ചിരിക്കുന്നു. പരാതി പരിഹരിക്കുന്നതിന് ഏകജാലക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് സമയത്ത് യു.എ.ഇ.യിലെ ഇന്ത്യൻ മാധ്യമങ്ങളുടെ സേവനം പ്രശംസനീയമാണ്. കൊറോണ സംബന്ധിച്ച ശരിയായ അറിവുകൾ പകർന്നതിനൊപ്പം സാധാരണക്കാരായ പ്രവാസികൾക്കുവേണ്ടി മാധ്യമങ്ങൾ ഇടപെടലുകൾ നടത്തുകയും ചെയ്തു. ഇത് ചരിത്രത്തിൽ അടയാളപ്പെടുത്തുമെന്നും അമൻ പുരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here