യു.എ.ഇ യുടെ പുതുതായി തിരഞ്ഞടുക്കപ്പെട്ട ബഹിരാകാശ സഞ്ചാരികൾക്ക് പ്രാഥമിക പരിശീലനം തുടങ്ങി. മുഹമ്മദ് ബ്ൻ റാഷിദ് സ്പേയ്സ് സെന്ററിലാണ് ഏഴു മാസം വരെ നീണ്ടു നിൽക്കുന്ന പരിശീലനത്തിനു തുടക്കമായത്. ബഹിരാകാശ യാത്രയുടെ രണ്ടാം ഘട്ടത്തിന് അവസരം ലഭിച്ച മുഹമ്മദ് അൽ മുല്ലയ്ക്കും നൂറ അൽ മത്റൂശിക്കും ഒരു ദിവസം 5- 7 മണിക്കൂർ വരെയാണ് പരിശീലനമെന്ന് സ്പേയ്സ് സെന്ററിലെ ബഹിരാകാശ യാത്രികരുടെ കാര്യാലയ തലവൻ സഈദ് കർമസ്തജി അറിയിച്ചു. ‘നാസ’യിൽ നടക്കുന്ന അന്തിമ പരിശീലനത്തിന്റെ പ്രാഥമിക ഘട്ടം മാത്രമാണിത്. ഇതിന്റെ ഭാഗമായി ഇരുവരും റഷ്യൻ ഭാഷ പഠിക്കാൻ തുടങ്ങി. സഹ സഞ്ചാരികളുമായി സുഗമമായ ആശയ വിനിമയം സാധ്യമാക്കുന്നതിനാണ് റഷ്യൻ ഭാഷ സ്വായത്തമാക്കുന്നത്

രാജ്യാന്തര നിയമങ്ങൾക്ക് അനുസൃതമായിട്ടാണ് സാങ്കേതിക രംഗത്തുള്ള പരിശീലനം എവിടെ വച്ചായിരിക്കുമെന്നു തീരുമാനിക്കുക. യുഎഇ യിൽ നിന്നുള്ള പ്രാഥമിക പരിശീലനത്തിൽ ശാരീരികവും മാനസികവുമായ കരുത്ത് നേടാനുള്ള ബഹുവിധ ശില്പശാലകളാണ് ഒരുക്കിയിട്ടുള്ളത്. പ്രഭാഷണ കഴിവ് വളർത്തുക, പൊതു സമൂഹവുമായുള്ള സംവേദന ശേഷി പരിപോഷിപ്പിക്കുക , ശാരീരിക ക്ഷമത വർധിപ്പിക്കുക, ക്യാമറകൾക്ക് മുന്നിലുള്ള അഭിമുഖങ്ങൾക്ക് പ്രാപ്തരാക്കുക, വൈമാനിക രംഗത്തുള്ള വൈവിധ്യമാർന്ന പരിശീലനം എന്നിവയെല്ലാം ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ ബഹിരാകാശ സഞ്ചാരികളായ ഹസ്സ അൽ മൻസൂരി, സുൽത്താൻ അന്നയാദി എന്നിവരുടെ മേൽനോട്ടത്തിലാണ് ചില പരിശീലനങ്ങൾ.

കോവിഡ് പശ്ചാത്തലത്തിൽ ബഹിരാകാശ യാത്രയ്ക്ക് ഉള്ളവരുടെ ഹ്രസ്വ പട്ടിക തയാറാക്കൽ വെല്ലുവിളി ആയിരുന്നുവെന്ന് സഈദ് സൂചിപ്പിച്ചു. നേരിട്ടുള്ള അഭിമുഖങ്ങളും വെർച്വൽ കൂടിക്കാഴ്ചകളുമായി 122 പേരിൽ നിന്നാണ് മുഹമ്മദും നൂറയും അന്തിമ പട്ടികയിലെത്തിയത്. അന്തിമ പട്ടികയിൽ കൂടുതലും സ്വദേശികളായിരുന്നു. എല്ലാ നടപടികളും പൂർത്തിയാക്കി യാത്രികരെ പ്രഖ്യാപിക്കുന്നതിനു കോവിഡ് കാലതാമസം വരുത്തിയിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു.

യു എ ഇ യിലെ പരിശീലനത്തിനു ശേഷം നാസയുടെ കീഴിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിശീലനമാണുണ്ടാവുക. യാത്രാപേടകം നിർണായക ഘട്ടങ്ങളിൽ സുരക്ഷിതമായി ഇറക്കുന്നതടക്കുമുള്ള കാര്യങ്ങൾ അന്തിമഘട്ടത്തിലായിരിക്കും. അടുത്ത മൂന്നു മാസത്തിനുള്ളിൽ അടുത്ത യാത്രയ്ക്കുള്ള പദ്ധതികൾ സപേയ്സ് സെന്റർ ആവിഷ്ക്കരിക്കുമെന്ന്‌ സഈദ് വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here