യാത്രയിൽ താങ്ങായത് ഡോ.ഖുഷ്‌ബു സേട്ട്

ഷാർജ: 25 വർഷങ്ങൾക്ക് മുമ്പ് യുഎഇയിൽ എത്തിയ ശേഷം നടണയാൻ ഭാഗ്യമില്ലാതെ ഗതിമുട്ടിയ മുംബൈ സ്വദേശിനിയായ വയോധിക ഒടുവിൽ സുമനസ്സുകളായ പ്രവാസി സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് നാടണഞ്ഞു. മുംബൈ മദനപുര സ്വദേശിനിയായ ആമിനാബി ഫഖീർ മുഹമ്മദാണ് കാൽ നൂറ്റാണ്ടിന് ശേഷം സ്വദേശത്തേക്ക് മടങ്ങിയത്.

വർഷങ്ങൾക്കു മുമ്പേ അബുദാബിയിലെത്തിയ ആമിനാബിയുടെ അബുദാബി വിസയുടെ കാലാവധി 16 വർഷങ്ങൾക്ക് മുൻപേ തീർന്നിരുന്നു. ഇവരുടെ കൈയിലുണ്ടായിരുന്ന പാസ്‌പോർട്ടും പത്ത് വർഷങ്ങൾക്ക് മുമ്പേ കഴിഞ്ഞിരുന്നു. ഇതിനെ തുടർന്ന് നാട്ടിലേക്ക് പോകാൻ സാധിക്കാതെ വിഷമിച്ചിരിക്കുമ്പോഴാണ് കൊറോണ കാലത്ത് ഉദരരോഗം മൂലം ദൈദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ടത്.  നാലുമാസത്തോളം അവിടെ ചികിത്സയിൽ കഴിയുകയായിരുന്നു.

ഇവരുടെ ദുരിതങ്ങളും രോഗവിവരങ്ങളും അറിഞ്ഞതിനെ തുടർന്നാണ് ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാനും നിയമ – സാമൂഹിക പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിൽ തുടർനടപടികൾ ഏറ്റെടുത്തത്. നീണ്ട കാലത്തെ ചികിത്സക്ക് വേണ്ടി വന്ന ഭീമമായ ചെലവുകൾ ആശുപത്രി അധികൃതർ ഒഴിവാക്കി കൊടുത്തു. ശേഷം സലാം പാപ്പിനിശേരി ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് ഇവർക്ക് നാട്ടിലെത്താൻ ഔട്ട് പാസ് ഉൾപ്പടെയുള്ള രേഖകൾ സംഘടിപ്പിച്ചു കൊടുത്തു. ഇവർക്ക് നാട്ടിലെത്താനുള്ള ടിക്കറ്റ് ഉൾപ്പടെയുള്ള രേഖകളുടെ ചെലവുകൾ സലാം പാപ്പിനിശ്ശേരി സ്വയം ഏറ്റെടുക്കുകയും ചെയ്തു. വിമാനത്താവളത്തിൽ വെച്ച് സഹായി ഇല്ലെന്ന കാരണം കാണിച്ച് എയർ ഇന്ത്യ യാത്ര നിരസിച്ചപ്പോൾ ഇവരുടെ നിസഹായാവസ്ഥ മനസ്സിലാക്കി മുംബൈ സ്വദേശിനിയായ ഡോ.ഖുഷ്‌ബു സേട്ട് ഇവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും മുംബൈ വരെ യാത്രയിൽ അനുഗമിക്കുകയും ചെയ്തു. സുരക്ഷിതമായി നാട്ടിലെത്താൻ ഇതും തുണയായി. യാത്രയിൽ ആമിനാബിയുടെ  പരിപാലനവും സഹായവും സഫലമായത് സാമൂഹിക പ്രവർത്തകയായ ഇവരുടെ സന്നദ്ധത മൂലമായിരുന്നു. അസോസിയേഷൻ ഭാരവാഹികളായ കെ ടി പി ഇബ്രാഹിം, മൻസൂർ അഴീക്കോട് എന്നിവരും സേവന പ്രവർത്തനങ്ങളിൽ പങ്കാളികളായി.

വർഷങ്ങളായി ആമിനാബിയെ നാട്ടിലെത്തിക്കാൻ സാധിക്കാതെ സങ്കടത്തിലായിരുന്ന കുടുംബാംഗങ്ങൾക്ക് അസോസിയേഷന്റെയും കോൺസുലേറ്റിന്റെയും ഇടപെടൽ അനുഗ്രഹമായിത്തീർന്നു. ഇവരുടെ തുടർചികിത്സകൾ ഇപ്പോൾ നാട്ടിൽ നടന്നുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here