ചാര്‍ട്ടേഡ് വിമാനങ്ങൾക്കുമേൽ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയതോടെ പ്രവാസികള്‍ ആശങ്കയില്‍. യു.എ.ഇ വിമാന കമ്പനികളുടെ ചാർട്ടേഡ് വിമാനങ്ങൾ മുടങ്ങിയത് ആയിരങ്ങളുടെ മടക്കയാത്രക്ക് തിരിച്ചടിയായി. അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്കും പ്രവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. യു.എ.ഇ വിമാന കമ്പനികൾ ധാരാളമായി കേരളത്തിലേക്ക് ചാർട്ടർ സർവീസ് നടത്തി വന്നിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ വിലക്ക് കാരണം ഈ വിമാനങ്ങൾക്ക് ബുക്ക് ചെയ്തവർ വെട്ടിലായി.

ഇത്തിഹാദ്, എയർ അറേബ്യ, എമിറേറ്റ്‌സ് എയർലൈൻ തുടങ്ങിയ യു.എ.ഇ വിമാനകമ്പനികളുടെ ചാർട്ടേഡ് വിമാനങ്ങൾക്ക് ഇന്ത്യൻ വിമാനത്താവളങ്ങളിൽ ലാൻഡ് ചെയ്യുന്നതിന് കേന്ദ്ര വ്യോമയാന വകുപ്പ് അപ്രതീക്ഷിത വിലക്കാണ് ഏർപ്പെടുത്തിയത്. ഇന്ന് അബൂദബിയിൽ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരേണ്ടിയിരുന്ന കെ.എം.സി.സി ചാർട്ടേഡ് ചെയ്ത ഇത്തിഹാദ് എയർവേയ്‌സിന്‍റെ ഇ.വൈ 254 വിമാനവും മുടങ്ങി.

അഞ്ചു കുട്ടികളും 178 മുതിർന്നവരും ഉൾപ്പെടെ 183 യാത്രക്കാരാണ് പുതിയ നിയന്ത്രണം മൂലം യാത്ര മുടങ്ങി ബുദ്ധിമുട്ടിലായത്. ചാർട്ടേഡ് വിമാനങ്ങൾക്ക് പുതുതായി ഈ മാസം 15 വരെ അനുമതി നൽകേണ്ടതില്ലെന്നും കേന്ദ്രതീരുമാനമുണ്ട്. പ്രതിസന്ധി പരിഹരിക്കാനുളള നീക്കം തുടരുകയാണെന്ന് എയർ അറേബ്യ പ്രസ്താവനയിൽ വ്യക്തമാക്കി. വന്ദേ ഭാരത് മിഷൻ പദ്ധതി മുഖേനയുള്ള വിമാനങ്ങളെക്കാൾ പ്രവാസികൾക്ക് തുണയായത് ചാർട്ടേഡ് വിമാനങ്ങൾ ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here