ഇന്ത്യയിൽ ദശലക്ഷക്കണക്കിന് പേര്‍ക്ക് പ്രതീക്ഷ നല്‍കി കൊറോണയുടെ പ്രതിരോധമരുന്നായ കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഉത്തര്‍പ്രദേശിലെ ലക്‌നൗ, ഗൊരഖ്പൂര്‍ എന്നിവിടങ്ങളില്‍ നടത്തും. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച്‌ ഭാരത് ബയോടെക് ലിമിറ്റഡാണ് കൊവാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നത്. കൊവാക്‌സിന്‍ യുപിയില്‍ പരീക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധരാണെന്ന് യുപി അഡീഷണല്‍ ചീഫ് സെക്രട്ടറി അമിത് മോഹന്‍ ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ഡയറക്ടര്‍ വി കൃഷ്ണ മോഹന് അയച്ച കത്തില്‍ വ്യക്തമാക്കി. പരീക്ഷണം നടത്തുന്നതിന് മുന്നോടിയായി കേന്ദ്രസര്‍ക്കാരിന്റെ എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മറ്റ് സുരക്ഷ പ്രോട്ടോക്കോളുകളും പാലിക്കേണ്ടതുണ്ടെന്നും കത്തില്‍ പറയുന്നു.

ഇതിന് മുന്നോടിയായി സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ.ആര്‍.കെ.ധിമാനെ ലക്‌നൗവില്‍ നോഡല്‍ ഓഫീസറായി നിയമിച്ചു. ഡിആര്‍ഡി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ഗണേഷ് കുമാറിനെ ഗൊരഖ്പൂരിലും നോഡല്‍ ഓഫീസറായി നിയമിച്ചു. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 86,508 പുതിയ കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 9,66,382 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 46,74,988 പേര്‍ രോഗമുക്തി നേടി. 91,149 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here