ദുബായ് : കോവിഡ്–19ന്റെ സാഹചര്യത്തിൽ എയർ ഇന്ത്യ, ബജ്റ്റ് എയർലൈൻസായ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ ദുബായ്, ഷാർജ സർവീസുകൾ താത്കാലികമായി നിർത്തിയെന്ന വാർത്ത തെറ്റാണെന്ന് അധികൃതർ പറഞ്ഞു. ഇൗ മാസം 17ന് അർധരാത്രി 12.05ന് ദുബായിൽ നിന്നു മംഗ്ലുരുവിലേയ്ക്കുള്ള വിമാനവും 18ന് ദുബായിൽ നിന്ന് പൂണെയിലേയ്ക്കുള്ള എയർ ഇന്ത്യാ വിമാനവും മാത്രമാണ് റദ്ദാക്കിയത്. മറ്റു ദിവസങ്ങളില്‍ സർവീസുകൾ കുറയ്ക്കുകയും സമയം പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.

ചില ദിവസങ്ങളിൽ മംഗ്ലുരുവിലേയ്ക്ക് രണ്ട് സർവീസുകളുണ്ടാകാറുണ്ട്. ഇത് ഒന്നാക്കി മാറ്റിയിട്ടുണ്ട്. വിമാന യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാലാണ് പല സർവീസുകളും വെട്ടിച്ചുരുക്കിയത്. എന്നാൽ, 17നും 18നും ഒഴിച്ച് മറ്റൊരു ദിവസവും സർവീസുകൾ പൂർണമായും ഇല്ലാതാകുന്നില്ല. ഏറ്റവും കൂടുതൽ യാത്രക്കാരുള്ള സമയത്തെ സർവീസിലേയ്ക്ക് കുറവുള്ള വിമാനങ്ങളിലെ യാത്രക്കാരെ മാറ്റുകയാണ് ചെയ്യുന്നതെന്നും വ്യക്തമാക്കി. ഇത് യാത്രക്കാരെ കൃത്യമായി അറിയിക്കുന്നുമുണ്ട്.

യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടെങ്കിലും കോഴിക്കോട്, കൊച്ചി സർവീസുകൾ ഏതാണ്ട് 75% യാത്രക്കാരുമായാണ് പറക്കുന്നത്. ഇന്ന് കോഴിക്കോട്ടേയ്ക്ക് എയർ ഇന്ത്യാ എക്സ്പ്രസ് പറന്നത് 150 യാത്രക്കാരുമായാണ്. ആകെ 180 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്.

അതേസമയം, ഇൻഡിഗോ വിമാനങ്ങൾ പലതും ശനി മുതൽ ഇൗ മാസം 28വരെ സർവീസ് റദ്ദാക്കിയിട്ടുണ്ട്. ദുബായിൽ നിന്ന് ചെന്നൈ, കൊൽക്കത്ത, മുംബൈ (2 വിമാനങ്ങൾ) എന്നിവിടങ്ങളിലേയ്ക്കും ഷാർജയിൽ നിന്ന് ലക്നൗ, തിരുവനന്തപുരം, ഹൈദരബാദ്, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേയ്ക്കുമുള്ള സർവീസുകളാണ് നിർത്തലാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here