അബുദാബി : യുഎഇയിൽ ഇന്നു മുതൽ 2 ആഴ്ച സർക്കാർ ജീവനക്കാർക്കു വീട്ടിലിരുന്നു ജോലി ചെയ്യാം. ആവശ്യമെങ്കിൽ കൂടുതൽ കാലത്തേക്കു നീട്ടാനും സാധ്യതയുണ്ട്. കോവിഡ് പകർച്ച തടയുന്നതിനാണു സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്നു ജോലി ചെയ്യാൻ അനുമതി നൽകിയത്. വിവിധ വകുപ്പുകളുടെ ഡിജിറ്റൽ സേവനം പ്രയോജനപ്പെടുത്തിയാണ് ഇതു സാധ്യമാക്കുക.ഗർഭിണികൾ, 9നു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാർ, ഭിന്നശേഷിക്കാർ, പ്രതിരോധ ശേഷി കുറഞ്ഞവർ, 60നു മുകളിൽ പ്രായമുള്ളവർ എന്നിവർക്ക് ഓഫിസിൽ എത്താതെ തന്നെ  ജോലി ചെയ്യാൻ അനുമതിയുണ്ട്.

ഈ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നവർ ജോലിക്കു തടസ്സമുണ്ടാകാതിരിക്കാൻ എച്ച്ആർ വിഭാഗവുമായി ബന്ധപ്പെടണമെന്നും അറിയിച്ചു. ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിലും വിവിധ മന്ത്രാലയങ്ങളിലെയും ജീവനക്കാർക്കും ദുബായ്, ഷാർജ, അബുദാബി എമിറേറ്റിലെ പ്രാദേശിക സർക്കാർ ജീവനക്കാർക്കും വീട്ടിലിരുന്നു ജോലി ചെയ്യാൻ അനുമതിയുണ്ട്. ഈ വിഭാഗത്തിലെ സേവനങ്ങളിൽ ഭൂരിഭാഗവും ഓൺലൈൻ വഴി ലഭ്യമാകുന്നതിനാൽ ഇടപാടുകാർക്ക് തടസ്സമില്ലാതെ സേവനം ലഭ്യമാകുമെന്നും അറിയിച്ചു. സുഗമമായ കൃത്യ നിർവഹണത്തിന് ഓൺലൈൻ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. 24 മണിക്കൂറും സ്മാർട് സേവനവുമായി ടെലികോം റഗുലേറ്ററി അതോറിറ്റിയും രംഗത്തുണ്ട്.

സ്കൂളുകളിൽ സാനിറ്റൈസർ നിർമാണം

ദുബായ്∙ സാനിറ്റൈസറിനു ക്ഷാമം നേരിട്ടു തുടങ്ങിയതോടെ കലാലയങ്ങൾ സ്വന്തമായി നിർമാണം ആരംഭിക്കാനും വികസിപ്പിക്കാനും തുടങ്ങി. ദുബായ് അമിറ്റി യൂണിവേഴ്സിറ്റി സയൻസ് ഡിപ്പാർട്മെന്റ് മിതമായ വിലയ്ക്ക് ലഭ്യമാക്കാവുന്ന പ്രകൃതി ജന്യ സാനിറ്റൈസർ നിർമാണം തുടങ്ങി. പല വിദ്യാർഥികൾക്കും ക്യാംപസിൽ വച്ചിരുന്ന സാധാരണ സാനിറ്റൈസർ ഉപയോഗിച്ചപ്പോൾ അലർജി ഉണ്ടായെന്നു പറഞ്ഞതിനാലാണ് ഹെർബൽ സാനിറ്റൈസർ ഉപയോഗിക്കാൻ തീരുമാനിച്ചത്. കെമിസ്ട്രി ഡിപ്പാർട്മെന്റിലെ ഡോ.ദിനേഷ്ചന്ദ് ശർമ, നാനോ ടെക്നോളജിയിലെ ഡോ. അശാ മാധവൻ, രശ്മി നായർ,ലൈഫ് സയൻസിലെ സുധാ ഭാട്ടിയ, ലാബ് അസിസ്റ്റന്റ് ജോയ്സ് സിംബാജോൻ ചേർന്നാണ് കറ്റാർവാഴ ഉപയോഗിച്ചു നിർമിച്ചത്. ദയ്റയിലെ ലിറ്റിൽ ഫ്ലവർ ഇംഗ്ലിഷ് മീഡിയം സ്കൂളും സയൻസ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ സാനിറ്റൈസർ നിർമിച്ചു. രേഖ എസ്.വിജയ് നേതൃത്വം നൽകി.

ബാർബർ ഷോപ്പുകൾക്ക് പുതിയ മാർഗനിർദേശം

അബുദാബി∙ കോവിഡ് പകർച്ച തടയുന്നതിന്റെ ഭാഗമായി ബാർബർ ഷോപ്പുകൾക്ക് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു. കസേരകൾ തമ്മിൽ 1.25 മീറ്റർ അകലത്തിലാവണം സജ്ജീകരിക്കണം. ബാർബർ ഷോപ്പിൽ ഉപയോഗിക്കുന്ന ചീർപ്പ്, കത്രിക, ഷേവിങ് ഉപകരണങ്ങൾ തുടങ്ങി എല്ലാ വസ്തുക്കളും അണുവിമുക്തമാക്കി മാത്രമേ ഉപയോഗിക്കാവൂ. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ ശുദ്ധമാക്കണം. മാസ്ക് നിർബന്ധമായും ധരിക്കണമെന്നും നിർദേശിക്കുന്നു. മുഴുവൻ ബാർബർമാരും ഇതു പാലിക്കണം

കുട്ടികളുടെ എല്ലാ കായിക പരിപാടികളും നിർത്തി

അബുദാബി∙ 18 വയസ്സിനു താഴെയുള്ളവരുടെ എല്ലാ കായിക പരിപാടികളും നിർത്തിവച്ചതായി യുഎഇ ജനറൽ അതോറിറ്റി ഫോർ സ്പോർട്സ് അറിയിച്ചു. സർക്കാർ, സ്വകാര്യമേഖലയിലുള്ള സ്ഥാപനങ്ങളിലെ പരിശീലനവും മത്സരങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടും. മുതിർന്നവരുടെ കായിക മത്സരങ്ങൾ നടത്തുന്നതിൽ വിരോധമില്ല. എന്നാൽ മത്സരാർഥികളും സംഘാടകരും സാങ്കേതിക വിദഗ്ധരുമെല്ലാം ആരോഗ്യമന്ത്രാലയം നിഷ്കർഷിക്കുന്ന മതിയായ സുരക്ഷാ സംവിധാനങ്ങൾ സ്വീകരിച്ചിരിക്കണമെന്ന നിബന്ധനയുണ്ട്. വിശദാംശങ്ങൾ യുഎഇ ജനറൽ അതോറിറ്റി ഫോർ സ്പോർട്സിനു സമർപ്പിച്ച് അനുമതി നേടിയിരിക്കണം.

മുതിർന്ന പൗരന്മാർ ജാഗ്രത പാലിക്കണം

അബുദാബി∙ മുതിർന്ന പൗരന്മാർ ജനങ്ങൾ തിങ്ങിക്കൂടുന്ന പ്രദേശത്തേക്കു പോകുന്നത് ഒഴിവാക്കണമെന്നു ആരോഗ്യമന്ത്രാലയം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ ശുചിയാക്കുക, ജലദോഷവും പനിയും ചുമയും തുമ്മലും ഉള്ളവർ വായും മൂക്കും മറയ്ക്കുക തുടങ്ങിയ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ടു.

യുഎഇക്ക് ഉണർവേകി സെൻട്രൽ ബാങ്ക് പ്രഖ്യാപനം

അബുദാബി∙  സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പദ്ധതി യുഎഇക്ക് ആശ്വാസമാകുമെന്ന് പ്രതീക്ഷ. കോവിഡ്–19 മൂലം ബിസിനസ് പ്രതിസന്ധിയിലായ വ്യക്തികളെയും സ്ഥാപനങ്ങളെയും സഹായിക്കാൻ 10,000 കോടി ദിർഹത്തിന്റെ പദ്ധതിയാണ് ബാങ്ക് പ്രഖ്യാപിച്ചത്. ലോക സാമ്പത്തിക മേഖലയെകൂടി ഗ്രസിക്കുന്ന മഹാമാരിയാണ് കോവിഡ് എന്ന് ലോകാരോഗ്യ സംഘടന പ്രസ്താവിച്ച പശ്ചാത്തലത്തിലാണ് സഹായം. 

LEAVE A REPLY

Please enter your comment!
Please enter your name here