തായ്​ലൻഡി​ന്റെ അയൽരാജ്യമായ കംബോഡിയയിൽ കഴിഞ്ഞ ഒരു മാസമായി ഒറ്റ കോവിഡ്​ കേസുകളും റിപ്പോർട്ട്​ ​ചെയ്യപ്പെട്ടിട്ടില്ല. അവസാനത്തെ രോഗിയും ആശുപത്രി വിട്ടതോടെ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യമായ കംബോഡിയ കോവിഡ് മുക്തമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

എന്നാൽ, നിലവിൽ തുടരുന്ന നിയന്ത്രണങ്ങൾ ഒന്നും തന്നെ നിർത്തിവെക്കാൻ സർക്കാർ ഒരുങ്ങിയിട്ടില്ല. മുൻകരുതലുകൾ നടപടി തുടരുന്നതിനൊപ്പം സ്കൂളുകളും അതിർത്തികളും അടഞ്ഞു തന്നെ കിടക്കുമെന്ന്​ അധികൃതർ അറിയിച്ചു. ജനങ്ങളോട്​ ജാഗ്രത തുടരാൻ ആരോഗ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്​. ആളുകൾ ഒരുമിച്ച്​ കൂടുന്ന സാഹചര്യങ്ങൾ കർശനമായി നിയന്ത്രിക്കാനും അദ്ദേഹം ഉത്തരവിട്ടു.

36 കാരിയായ സ്​ത്രീയാണ്​ ഇന്ന്​ രോഗമുക്​തി നേടി ആശുപത്രി വിട്ടത്​. ലൈവ്​ സ്​ട്രീമിലൂടെ മാധ്യമങ്ങളോട്​ സംസാരിച്ച അവർ, ത​​െൻറ ജീവൻ രക്ഷിച്ചതിൽ ആരോഗ്യ പ്രവർത്തകരോട്​ നന്ദി അറിയിച്ചു. ഏപ്രിൽ 12നാണ് കംബോഡിയയിൽ അവസാനമായി കോവിഡ്​ കേസ് റിപ്പോർട്ട് ചെയ്തത്. ജനുവരി മുതൽ 14,684 കൊവിഡ് പരിശോധനകൾ രാജ്യത്ത് നടന്നതായി ആരോഗ്യമന്ത്രാലയം വ്യക്​തമാക്കി. 122 പേർക്കാണ് കംബോഡിയയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതേസമയം ഒരു മരണം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

അയൽരാജ്യമായ സിംഗപ്പൂരിൽ 27,635 രോഗികൾ ചികിത്സയിലാണ്​. 22 പേർ രോഗം ബാധിച്ച്​​ മരിക്കുകയും ചെയ്​തു. 6,872 പേർക്ക്​ രോഗം സ്ഥിരീകരിച്ച മലേഷ്യയിൽ 113 പേരാണ്​ മരിച്ചത്​. ഇന്തോനേഷ്യയിൽ സ്ഥിതി വളരെ മോശമാണ്​. 17,025 കേസുകൾ റിപ്പോർട്ട്​ ചെയ്യപ്പെടുകയും 1,089 പേർ മരിക്കുകയും ചെയ്​തു. 12,305 പേർക്ക്​ രോഗം സ്ഥിരീകരിച്ച ഫിലിപ്പീൻസാണ്​ മറ്റൊരു ഹോട്​സ്​പോട്ട്​. 817 പേരാണ്​ അവിടെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ലോകത്ത്​ ഇതുവരെ 3.11 ലക്ഷം പേരാണ്​ കൊറോണ വൈറസ്​ മൂലം മരിച്ചത്​. 46 ലക്ഷം പേർക്ക്​ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here