തിരുവനന്തപുരം ∙ ലോക്ഡൗൺ ഒരാഴ്ച പിന്നിടുമ്പോൾ റോഡിൽ ആളുകൾ കുറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ഡൗൺ പാലിക്കുന്നതിലെ കാർക്കശ്യം തുടരണം. അനാവശ്യമായി പുറത്തിറങ്ങിയ ആളുകളെ തിരിച്ചുവിടുകയാണ് ചെയ്യുന്നത്. ഇതുവരെ 22,338 കേസുകൾ റജിസ്റ്റർ ചെയ്തു. 2155 പേരെ അറസ്റ്റ് ചെയ്തു. 12,783 വാഹനങ്ങൾ പിടിച്ചു. ഇനി ആലോചിക്കുന്നത് എപിഡമിക് ആക്ട് പ്രകാരം കേസ് എടുക്കുന്നതിനാണ്.

സംസ്ഥാനത്തേക്ക് ചരക്ക് കൊണ്ടുവരുന്നതിൽ പുരോഗതിയുണ്ടായിട്ടുണ്ട്. ഇന്ന് 2153 ട്രക്കുകള്‍ സാധനങ്ങളുമായി എത്തിയിട്ടുണ്ട്. കർണാടകയിലെ റോഡ് പ്രശ്നം നിലനിൽക്കുന്നുണ്ട്. ചരക്ക് നീക്കത്തിനുള്ള തടസ്സം ഒഴിവാക്കണമെന്നു തന്നെയാണ് സർക്കാർ നിലപാട്. അതിർത്തി അടച്ചതിനാൽ ചികിത്സ കിട്ടാത്തതിനാൽ ഏഴു പേർ കാസർകോട് മരിച്ചു.

ഇന്ന് സൗജന്യ റേഷൻ വിതരണം ആരംഭിച്ചതിന്റെ ആദ്യ ദിനമാണ്. മെച്ചപ്പെട്ട രീതിയിലാണ് വിതരണം. ചിലയിടങ്ങളിൽ തിരക്കുണ്ടായിരുന്നു. മിക്കയിടങ്ങളിലും വരുന്നവർക്ക് ഇരിക്കാന്‍ കസേരയും കുടിക്കാൻ വെള്ളവും നൽകി. പതിനാലര ലക്ഷത്തോളം പേർക്ക് ഇന്നു മാത്രം റേഷൻ വിതരണം ചെയ്തു. സംസ്ഥാനത്ത് 1316 കമ്യൂണിറ്റി കിച്ചനുകൾ പ്രവര്‍ത്തിക്കുന്നു. രണ്ട് ലക്ഷത്തില്‍ അധികം പേർക്കു ഭക്ഷണം നൽകി. സന്നദ്ധ സേനയുടെ റജിസ്ട്രേഷനിൽ‌ നല്ല പുരോഗതിയുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here