കോവിഡിനെതിരായ പ്രതിരോധ വാക്‌സിന്‍ അടുത്തവര്‍ഷം ആദ്യത്തോടെ ഇന്ത്യയില്‍ ലഭ്യമാവുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. ഒന്നിലധികം സ്രോതസ്സുകളില്‍നിന്ന് രാജ്യത്ത് വാക്‌സിന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് വാക്‌സിന്‍ വിതരണം നടത്തുന്നതും വ്യാപിപ്പിക്കുന്നതും സംബന്ധിച്ച്‌ വിദഗ്ധസംഘങ്ങള്‍ ഇതിനകംതന്നെ മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തുകയും ആസൂത്രണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

ആര്‍ക്കാണ് ആദ്യം വാക്‌സിന്‍ ലഭ്യമാക്കേണ്ടത് എന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്. വാക്‌സിന്‍ വിതരണത്തിനായി കോള്‍ഡ് ചെയിന്‍ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നുണ്ടെന്നും മന്ത്രിമാരുടെ യോഗത്തില്‍ ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. നിലവില്‍ നാല് കൊവിഡ് പ്രതിരോധവാക്‌സിനുകളുടെ പ്രീ-ക്ലിനിക്കല്‍ ട്രയലുകള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്. 2021 ആദ്യപാദത്തോടെ വാക്‌സിന്‍ ലഭ്യമാവുമെന്നു മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിലെ ജനസംഖ്യാ ബാഹുല്യം കണക്കിലെടുത്ത് ഒരു വാക്‌സിന് മാത്രമായോ ഒരു വാക്‌സിന്‍ ഉല്‍പാദകര്‍ക്ക് മാത്രമായോ ഇന്ത്യയുടെ ആവശ്യം നിറവേറ്റാനാവില്ലെന്ന് ഞായറാഴ്ച മന്ത്രി വ്യക്തമാക്കിയിരുന്നു. അതിനാല്‍, ലഭ്യതയുടെ അടിസ്ഥാനത്തില്‍ നിരവധി കൊവിഡ് 19 വാക്‌സിനുകള്‍ രാജ്യത്ത് ലഭ്യമാക്കുന്നതിനുളള സാധ്യത വിലയിരുത്താന്‍ സന്നദ്ധരാണെന്നും മന്ത്രി അറിയിച്ചിരുന്നു. അമേരിക്ക കഴിഞ്ഞാല്‍ കൊവിഡ് വ്യാപനം കൂടുതലുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തൊട്ടാകെ ദിനംപ്രതി റിപോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ വൈറസ് ബാധിതരുടെ എണ്ണം 60,000 ല്‍ താഴെയായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here