കുറച്ചുകാലം മുന്‍പ് വരെ ഇന്ത്യന്‍ ബൗളിംഗ് സ്പിന്‍ യൂണിറ്റിലെ അവിഭാജ്യ ഘടകങ്ങളായിരുന്നു കുല്‍ദീപ് യാദവും, യുസ്‌വേന്ദ്ര ചഹലും. കൃത്യമായി പറഞ്ഞാല്‍ 2019ലെ ഏകദിന ലോകകപ്പ് വരെ. തന്റെ ചൈനമാന്‍ ബോളിങ്ങിലൂടെയാണ് കുല്‍ദീപ് യാദവ് ആരാധകരുടെ മനസ്സില്‍ ഇടം നേടിയത്. യുസ്‌വേന്ദ്ര ചഹലിനോടൊപ്പം മികച്ച സ്പെല്ലുകള്‍ തീര്‍ത്തതോടെ ‘കുല്‍ച’ സഖ്യവും ആരാധകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു. എന്നാല്‍ ഇന്ന് അതെല്ലാം ശരവേഗത്തില്‍ മാറിമറഞ്ഞിരിക്കുകയാണ്. നായകന്‍ വിരാട് കോഹ്ലിയുടെ പ്രധാന വിക്കറ്റ് വേട്ടക്കാരന്‍ കൂടിയായ ചഹല്‍ ഇപ്പോഴും ടീമിന്റെ ഭാഗമായി തുടരുന്നുവെങ്കിലും കുല്‍ദീപിന് അവസരങ്ങള്‍ ലഭിക്കുന്നില്ല.

മുപ്പത്തുകാരനായ ചഹല്‍ ഇത്തവണത്തെ ഐ പി എല്ലിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പിലും താരത്തിന് ടീമിലിടം നേടാന്‍ കഴിഞ്ഞേക്കും. എന്നിരുന്നാലും മുപ്പതുകാരന്‍ ചഹലിന് ടെസ്റ്റ്‌ കുപ്പായത്തില്‍ ഇന്ത്യക്ക് വേണ്ടി ഇറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഈയിടെ തന്റെ ടെസ്റ്റ്‌ മോഹങ്ങളെക്കുറിച്ച്‌ താരം വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ടെസ്റ്റ്‌ ടീമില്‍ ടീമിന് വേണ്ടി കളിക്കാനും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ കഴിയുമെന്നുമാണ് ചഹല്‍ പറയുന്നത്. ‘ടെസ്റ്റ് ടീമില്‍ കളിക്കുകയെന്നത് വലിയ നേട്ടമായിട്ടാണ് ഞാന്‍ എന്റെ ക്രിക്കറ്റ് കരിയറില്‍ കരുതുന്നത്. ഏതൊരു താരത്തിനും ക്രിക്കറ്റ് കരിയറില്‍ ഒരു പക്ഷേ അതിനേക്കാള്‍ വലുതൊന്ന് കിട്ടാനില്ല എന്നതാണ് സത്യം. ഒരിക്കല്‍ എങ്കിലും സെലക്ടര്‍മാര്‍ എന്നെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുമെന്ന പ്രതീക്ഷ എനിക്ക് ഇപ്പോഴുമുണ്ട്. ഇന്ത്യക്കായി ടെസ്റ്റ് ഫോര്‍മാറ്റില്‍ കളിക്കുകയെന്നത് വലിയ ആഗ്രഹമാണ്. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ പോലെ ടെസ്റ്റിലും മികച്ച പ്രകടനങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി പുറത്തെടുക്കാന്‍ സാധിക്കുമെന്ന ഉറച്ച പ്രതീക്ഷ എന്നില്‍ ഉണ്ട്. അവസാന നാല് വര്‍ഷങ്ങളില്‍ 10 ഫസ്റ്റ് ക്ലാസ് മാച്ചുകളില്‍ എനിക്ക് 50 വിക്കറ്റുകള്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്’- യുസ്‌വേന്ദ്ര ചഹല്‍ മനസ് തുറന്നു.

‘അക്സര്‍ പട്ടേലിന്റെ പ്രകടനം നമ്മള്‍ കണ്ടതാണ്. ഗംഭീരമായാണ് അദ്ദേഹം അത് ചെയ്തത്. അശ്വിന്‍, ജഡേജ, കുല്‍ദീപ് തുടങ്ങിയവരെല്ലാം നിലവില്‍ ടീമിന്റെ അവിഭാജ്യ ഘടകങ്ങളാണ്. അവരെല്ലാം നന്നായി കളിക്കുന്ന സമയത്ത് എനിക്ക് ഒരു അവസരം ലഭിക്കുന്നത് പ്രയാസമാണ്. അശ്വിന്‍ 400ഉം ജഡേജ 250ഉം ടെസ്റ്റ്‌ വിക്കറ്റുകള്‍ കരിയറില്‍ നേടിയിട്ടുണ്ട്. അതെല്ലാം നോക്കുമ്ബോള്‍ ഞാന്‍ എന്റെ പ്രകടനങ്ങള്‍ ഇനിയും മെച്ചപ്പെടുത്തണമെന്ന് തോന്നുന്നു.’- ചഹല്‍ കൂട്ടിച്ചേര്‍ത്തു.

അശ്വിന്‍, ജഡേജ എന്നിവരെ ഒഴിവാക്കി ഒരു ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍ ചിന്തിക്കുവാന്‍ പോലും കഴിയില്ല. കൂടാതെ ഇക്കഴിഞ്ഞ ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്ബരയില്‍ ഗംഭീര ടെസ്റ്റ് അരങ്ങേറ്റം കുറിച്ച അക്സര്‍ പട്ടേല്‍ പോലും വരുന്ന ഐ സി സി ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ തന്റെ ടീമിലെ സ്ഥാനം ഉറപ്പില്ലാത്ത അവസ്ഥയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here