കുവൈത്ത് അംഗീകാരം നൽകിയിട്ടുള്ള വാക്സീനുകൾ ഫൈസർ, അസ്ട്രാസെനക, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ്. സ്വദേശികൾ, അവരുടെ അടുത്ത ബന്ധുക്കൾ (ഭാര്യ/ഭർത്താവ്, മക്കൾ) എന്നിവർ അംഗീകൃത വാക്സീൻ സ്വീകരിച്ചാൽ അല്ലാതെ കുവൈത്തിന് പുറത്ത് പോകാൻ അനുമതി നൽകില്ലെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.

വാക്സീൻ സ്വീകരിക്കൽ നിർബന്ധമില്ലാത്തവർ

ആരോഗ്യപരമായ കാരണങ്ങളാൽ വാക്സീൻ സ്വീകരിക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രാലയം സാക്ഷ്യപ്പെടുത്തിയ സ്വദേശികൾ.

ആരോഗ്യ മന്ത്രാലയം അംഗീകരിച്ച പ്രഗ്നൻസി സർട്ടിഫിക്കറ്റ് കൈവശമുള്ള സ്വദേശി ഗർഭിണികൾ.

വാക്സിനേഷൻ നിർബന്ധമായ പ്രായം ഇല്ലാത്തവർ.

വിദേശത്ത് പഠിക്കുന്ന വിദ്യാർഥികളിൽ ഒരു ഡോസ് വാക്സീൻ എടുത്തവരും വിദേശപഠനത്തിന്റെയും വാക്സിനേഷന്റയും സർട്ടിഫിക്കറ്റ് കൈവശമുള്ളവർ.

കുവൈത്തിൽ പ്രവർത്തിക്കുന്ന നയതന്ത്രാലയങ്ങളിൽ ജോലി ചെയ്യുന്നവർ.
Kuwaitmosafer ആപ്പിലോ വെബ്സൈറ്റിലോ റജിസ്റ്റർ ചെയ്യാത്തവർക്ക് കുവൈത്തിൽ നിന്ന് യാത്രപോകാൻ അനുമതിയുണ്ടാകില്ല. ഈ ആപ്പിലോ വെബ്സൈറ്റിലോ റജിസ്റ്റർ ചെയ്യാത്തവരെ ഒരറിയിപ്പ് വരെ കുവൈത്തിൽ സ്വീകരിക്കുകയും ഇല്ല.

ഇന്ത്യയിൽ നിന്നുള്ളവർ അവ്യക്തതയിൽ

ഇന്ത്യയിൽ നൽകുന്ന വാക്സീനുകളുടെ പേര് കുവൈത്ത് അംഗീകരിച്ച പട്ടികയിലില്ല. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെടെ തൊഴിലുമായി ബന്ധപ്പെട്ട് കുവൈത്തിലേക്ക് തിരിക്കേണ്ട ഒട്ടേറെ പേർ പ്രതിസന്ധിയിലാണ്. കുവൈത്തിലേക്ക് പോകേണ്ട പലരും ഇന്ത്യയിൽ വാക്സീൻ എടുത്തുകഴിഞ്ഞു. വിമാന സർവീസ് പുനരാരംഭിക്കുന്നതു പ്രതീക്ഷിച്ചിരിക്കുകയാണ് അവർ. സ്വീകരിച്ച വാക്സീനു കുവൈത്തിൽ അംഗീകാരം ലഭിക്കുമോ എന്നതിൽ ഇനിയും വ്യക്തതയില്ലാത്തതിനാൽ കുവൈത്തിൽ ഇറങ്ങാനുള്ള അനുമതിയുണ്ടാകുമോ എന്ന ആശങ്ക നിലനിൽക്കുന്നു. കുവൈത്ത് അംഗീകരിച്ച ഫൈസർ ഉൾപ്പെടെയുള്ള വാക്സീനുകൾ സമീപ ഭാവിയിലെങ്കിലും ഇന്ത്യയിലും ലഭ്യമായേക്കുമെന്ന വിശ്വാസത്തിൽ വാക്സീൻ സ്വീകരിക്കാൻ കാത്തിരിക്കുന്നവരുമുണ്ട്.

വാക്സീൻ എടുത്തവർക്ക് ക്വാറന്റീൻ വേണ്ട

അതേസമയം, കോവിഡ് വാക്സീൻ സ്വീകരിച്ചവർക്കും കോവിഡ് മുക്തിനേടിയവർക്കും കുവൈത്തിൽ ക്വാറന്റീൻ ആവശ്യമില്ലെന്ന് വ്യോമയാന ഡയറക്ടറേറ്റ്. ആദ്യ ഡോസ് എടുത്ത് രണ്ടാഴ്ച പൂർത്തിയാക്കിയവർക്കും രോഗമുക്തി നേടി 90 ദിവസം പൂർത്തിയാക്കാത്തവർക്കുമാണ് ഇളവെന്ന് ഡയറക്ടറേറ്റിലെ ആസൂത്രണ-പദ്ധതി വിഭാഗം ഡപ്യൂട്ടി ഡയടക്ടർ ജനറൽ സ‌അദ് അൽ ഉതൈബി പറഞ്ഞു. കുവൈത്തിൽ ഇറങ്ങുന്നവർ വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂർ സമയപരിധിയിൽ പി‌സി‌ആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. കുവൈത്തിൽ വിമാനം ഇറങ്ങിയ ഉടനെയുള്ള പിസി‌ആർ പരിശോധനാ ഫീസ് വിമാനം പുറപ്പെടുന്നതിന് മുൻപ് Kuwaitmosafer ആപ്പ് വഴി അടച്ചിരിക്കണം. കുവൈത്തിൽ എത്തി മൂന്നാം ദിവസം നടത്തുന്ന പിസി‌ആർ പരിശോധനയിൽ നെഗറ്റീവ് അല്ലെങ്കിൽ ക്വാറന്റീനിൽ പ്രവേശിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here