ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വരുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച്‌ യുഎഇ അധികൃതര്‍. തലയെണ്ണി ടിക്കറ്റ് നല്‍കി യാത്രക്കാരെ ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നാണ് യുഎഇ ഏവിയേഷന്‍ അധികൃതരുടെ നിലപാട്.

യാത്രാവിലക്ക് നിലവില്‍ വന്നതിന് ശേഷം ഇന്ത്യയില്‍ നിന്ന് അടിയന്തരമായി യുഇയിലെത്തേണ്ടവര്‍ ആശ്രയിക്കുന്നത് ചാര്‍ട്ടേഡ് വിമാനങ്ങളെയാണ്. പരമാവധി എട്ട് യാത്രക്കാര്‍ക്കാണ് ഇത്തരം വിമാനങ്ങളില്‍ യുഎഇയില്‍ എത്താന്‍ കഴിയുക. പല ട്രാവല്‍ ഏജന്‍സികളും യാത്രാക്കാരില്‍ നിന്ന് നാല് ലക്ഷത്തോളം രൂപ ഈടാക്കി ഇത്തരം വിമാനങ്ങളില്‍ യാത്രക്കാരെ എത്തിക്കുന്നുണ്ട്. എന്നാല്‍ സീറ്റ് അടിസ്ഥാനത്തില്‍ ഓരോ യാത്രക്കാരനില്‍ നിന്നും ടിക്കറ്റ് തുക ഈടാക്കി സര്‍വീസ് നടത്തുന്നത് അനുവദിക്കാനാവില്ല എന്നാണ് യുഎഇ ജനറല്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കുന്നത്. ഈ വിമാനങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും സ്വകാര്യ വിമാനങ്ങളോ ബിസിനസ് വിമാനങ്ങളോ ആയിരിക്കണമെന്നാണ് അധികൃതര്‍ മുന്നോട്ട് വെക്കുന്ന നിബന്ധന. അതായത് ഒരേ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കോ ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്കോ വേണ്ടിയാണ് ഈ സൗകര്യം ഉപയോഗിക്കേണ്ടതെന്ന് നേരത്തേ പുറപ്പെടുവിച്ച നിര്‍ദേശം അധികൃതര്‍ കര്‍ശനമാക്കുകയാണ്.

35 പേരില്‍ കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനങ്ങള്‍ ഇത്തരം സര്‍വീസുകള്‍ക്ക് ഉപയോഗിക്കരുത്. എട്ട് പേരില്‍ കൂടുതല്‍ ആളുകളുമായി വരുന്ന വിമാനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്നും അതോറിറ്റി നിര്‍ദേശിക്കുന്നു. ടിക്കറ്റിനായി വന്‍തുക മുടക്കാന്‍ തയ്യാറുള്ള വ്യക്തികള്‍ക്കും ഇതോടെ ഇത്തരം വിമാനങ്ങളെ ആശ്രയിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇതോടെ സംജാതമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here