ഗല്‍വാന്‍ താഴ്വരയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് രണ്ട് ദിവസത്തിന് ശേഷം ഗോഗ്രയിലെയും മറ്റ് പ്രദേശങ്ങളിലെയും സൈന്യത്തെ ചൈന പൂര്‍ണമായും പിന്‍വലിച്ചു. ഇതോടെ കിഴക്കന്‍ ലഡാക്കില്‍ സൈന്യത്തെ പിന്‍വലിക്കുന്നതിന്റെ ആദ്യഘട്ട നടപടി പൂര്‍ത്തിയായി. പാംഗോംഗ് സേ മലനിരകളിലെ ഫിംഗര്‍ നാലില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് വളരെ വേഗത്തിലാക്കുമെന്നും മേഖലയിലെ സംഘര്‍ഷ സാധ്യത ഇല്ലാതാക്കുന്നതിനായി ഉടന്‍ തന്നെ കമാന്‍ഡര്‍ തല ചര്‍ച്ച നടത്തുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഏറ്റുമുട്ടലിനുള്ള സാധ്യത കുറക്കുക എന്ന ലക്ഷ്യത്തോടെ താത്കാലികമായി ഗല്‍വാല്‍ താഴ്വരയിലെ മൂന്ന് തര്‍ക്ക സ്ഥലങ്ങളില്‍ മൂന്ന് കിലോമീറ്റര്‍ ദൂരത്തായി ഇരു പക്ഷവും ബഫര്‍ സോണ്‍ രൂപവത്കരിച്ചു. ഫിംഗര്‍ നാലിലെ പാംഗോംഗ് സേ മേഖലയിലെ സൈനികരെ മാറ്റുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഫിംഗര്‍ നാലിനും എട്ടിനും ഇടയിലുള്ള പ്രദേശത്ത് നിന്ന് ചൈന്യ സൈന്യത്തെ പിന്‍വലിക്കണമെന്ന് ഇന്ത്യ സമ്മര്‍ദം ചെലുത്തുന്നുണ്ട്. അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ നാലാം റൗണ്ട് കമാന്‍ഡര്‍ തല ചര്‍ച്ച നടക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സൈന്യങ്ങളുടെ പിന്‍മാറ്റ നടപടി വിലയിരുത്തുന്നതിനായി രണ്ട് സൈന്യങ്ങളും അടുത്ത ദിവസങ്ങളില്‍ സംയുക്ത പരിശോധന നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here