കൊച്ചി: കോവിഡ് ബാധിതന്റെ മൃതദേഹം കൈകാര്യം ചെയ്യേണ്ട വിധം സംബന്ധിച്ച്‌ മാര്‍ഗരേഖ പുറപ്പെടുവിച്ച്‌ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌. മൃതദേഹം പൂര്‍ണമായും ചോര്‍ച്ചരഹിതമായ (ലീക്ക് പ്രൂഫ്) പ്രത്യേക ബോഡി ബാഗില്‍ പൊതിഞ്ഞ ശേഷമേ സംസ്‌കാരത്തിനു നല്‍കുകയുള്ളു.ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച്‌ ബാഗിന്റെ പുറംഭാഗം അണുവിമുക്തമാക്കും. തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കുന്ന തുണിയിലോ മോര്‍ച്ചറി തുണിയിലോ പൊതിയാം. മൃതദേഹം എടുക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഏപ്രണ്‍, കയ്യുറ, മൂടിക്കണ്ണട, എന്‍ 95 നിലവാരമുള്ള മാസ്‌ക് എന്നിവ ധരിക്കണം.


4 ഡിഗ്രി താപനിലയില്‍ വേണം മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിക്കാന്‍. സോഡിയം ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ച്‌ മോര്‍ച്ചറി തുടച്ചു വൃത്തിയാക്കണം.
കതകുകളും പിടികളും റെയിലിങ്‌സുമെല്ലാം തുടക്കണം. മൃതദേഹവുമായി സ്പര്‍ശനത്തില്‍ വരുന്ന എല്ലാ തുണികളും മറ്റും ബയോ മെഡിക്കല്‍ മാലിന്യമിടുന്ന അണുവിമുക്ത ബാഗില്‍ നിക്ഷേപിക്കണം. ശരീരത്തിലെ കത്തീറ്ററുകളും മൂക്കിലെ കുഴലുകളും മറ്റും ഊരിയെടുക്കുമ്ബോള്‍ സ്രവങ്ങള്‍ പുറത്തേക്കു വരാതെ നോക്കണം. അന്ത്യചുംബനമോ സ്പര്‍ശനമോ പാടില്ല.ദഹനമാണു നടത്തുന്നതെങ്കില്‍ കത്തിയമര്‍ന്ന ചാരം ചടങ്ങുകളുടെ ഭാഗമായി ശേഖരിക്കുന്നതില്‍ കുഴപ്പമില്ല. ചടങ്ങുകള്‍ക്കു ശേഷം സെമിത്തേരി ശ്മശാന ജീവനക്കാരും ബന്ധുക്കളും സോപ്പു ലായനി ഉപയോഗിച്ച്‌ നന്നായി കൈ കഴുകണം. മൃതദേഹം ഇറക്കിയ ശേഷം ഒരു ശതമാനം വീര്യമുള്ള സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച്‌ മൃതദേഹം കൊണ്ടുപോകുന്ന വാഹനം തുടച്ചു വൃത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here