ലണ്ടൻ ∙ ബ്രിട്ടനിൽ കോവിഡ് മരണം 233 ആയി. ഇന്നലെ മാത്രം മരിച്ചത് 53 പേരാണ്. 5018 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസംകൊണ്ട് കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിലേറെയാണ് വർധിച്ചത്. ഇറ്റലി, സ്പെയിൻ എന്നിവടങ്ങളിലേതുപോലെ സ്ഥിതിഗതികൾ ദിവസംതോറും ആശങ്കാജനകമാകുന്ന റിപ്പോർട്ടുകളാണ് രാജ്യത്തിന്റെ എല്ലായിടങ്ങളിൽനിന്നും കേൾക്കുന്നത്.

സൂപ്പർ മാർക്കറ്റുകളിലേക്ക് ആളുകൾ ഇരച്ചെത്തി

ഹോട്ടലുകളും കഫേകളും പബ്ബുകളും അടച്ചതോടെ ഇന്നലെ രാവിലെ മുതൽ ഭക്ഷണസാധനങ്ങൾ വാങ്ങാനായി സൂപ്പർ മാക്കറ്റുകളിലേക്ക് ആളുകൾ ഇരച്ചെത്തി. എല്ലാ സൂപ്പർമാർക്കറ്റുകൾക്കു മുന്നിലും മണിക്കൂറുകൾ നീണ്ട ക്യൂവാണ്. ഇതിനിടെ സാധനങ്ങൾ വാങ്ങുന്നതിൽ ജനങ്ങൾ വിവേകം കാണിക്കണമെന്ന് സർക്കാർ അഭ്യർഥിച്ചു. അനാവശ്യമായി ആളുകൾ സാധനങ്ങൾ വാങ്ങി സംഭരിക്കുന്ന പ്രവണത ഒഴിവാക്കണമെന്നും വീട്ടിലുള്ള സാധനങ്ങൾ തീരുന്ന മുറയ്ക്കു മാത്രം എല്ലാവരും ഷോപ്പിംങ്ങിനായി ഇറങ്ങണമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭ്യർഥിച്ചു. ഭക്ഷ്യക്ഷാമത്തെക്കുറിച്ച് സർക്കാർ ചിന്തിക്കുന്നുപോലുമില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 

സൂപ്പർമാർക്കറ്റുകളിൽ 30,000 പുതിയ ജോലി

ക്രിസ്മസ് ഈവിനു സമാനമായി എല്ലാ ദിവസവും ആളുകൾ സാധനങ്ങൾ വാങ്ങുന്ന തിരക്കിലായതോടെ സൂപ്പർ മാർക്കറ്റ് ചെയിനുകൾ താൽകാലിക ജീവനക്കാരെ റിക്രൂട്ട്ചെയ്യേണ്ട സ്ഥിതിയായി. ടെസ്കോ, ആസ്ഡ, സെയിൻസ്ബറീസ്, മോറിസൺസ്, വെയ്റ്റ്റോസ്, ആൾഡി, ലിഡിൽ തുടങ്ങിയ എല്ലാ സൂപ്പർമാർക്കറ്റ് ചെയിനുകളിലുമായി 30,000 താൽകാലിക ജീവനക്കാരെ ഉടൻ നിയമിക്കേണ്ട സ്ഥിതിയാണ്. ഷോപ്പുകളിലും വെയർ ഹൗസുകളിലുമാണ് ഇത്തരം ഒഴിവുകൾ. ഇതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഹോട്ടലുകളും പബ്ബുകളും മറ്റും അടയ്ക്കുകയും ടൂറിസം രംഗം അപ്പാടെ നിലയ്ക്കുകയും ചെയ്തതോടെ ജോലി നഷ്ടമായ യൂണിവേഴ്സിറ്റി വിദ്യാർഥികൾ ഉൾപ്പെടെ നിരവധിയാളുകൾക്കു ഈ നീക്കം സഹായകമാകും. കൊറോണ കാലത്ത് റിക്രൂട്ട്മെന്റ് നടത്തുന്ന ഏക സ്ഥാപനമായി സൂപ്പർമാർക്കറ്റുകൾ മാറുകയാണ്. 

നിർദേശങ്ങൾ അനുസരിക്കുന്നത് 25% ആളുകൾ

വൈറസ് ബാധയെ നേരിടാൻ സർക്കാർ നൽകുന്ന നിർദേശങ്ങൾ ഇപ്പോഴും ബ്രിട്ടനിൽ പാലിക്കുന്നത് ഇരുപത്തഞ്ച് ശതമാനം ആളുകൾ മാത്രമാണെന്ന് പ്രധാനമന്ത്രി. ഒട്ടും അഭിലഷണീയമായ പ്രവണതയല്ല ഇതെന്നും ഈ നില തുടർന്നാൽ നിയമനടപടികൾ ആരംഭിക്കേണ്ടിവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രായമായവരുടെ മാത്രം അസുഖമാണെന്ന മിധ്യാധാരണയാണ് യുവാക്കൾക്കും വിദ്യാർഥികൾക്കും. ഇത് ശരിയല്ല. എല്ലാപ്രായത്തിലുമുള്ള ആളുകൾക്കും രോഗം ബാധിക്കാം. രോഗബാധിതരല്ലെങ്കിലും എല്ലാവർക്കും രോഗം പരത്തുന്നവരാകാം. ഇത് ഒഴിവാക്കാനാണ് വിദ്യാലയങ്ങളും നിരവധി സ്ഥാപനങ്ങളും അടച്ച് സോഷ്യൽ ഡിസ്റ്റൻസ് ഫലപ്രദമാക്കാൻ തീരുമാനിച്ചത്. വിദ്യാലയങ്ങൾക്ക് അവധി നൽകിയത് അവധിക്കാലമായല്ല. ഇക്കാര്യം എല്ലാവരും മനസിലാക്കണെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു. 

ലണ്ടൻ നഗരവും വഴികളും വിജനം

വിദ്യാലയങ്ങൾക്കു പുറമേ ഹോട്ടലുകളും കഫേകളും പബ്ബുകളും എല്ലാം അടച്ചതോടെ ലണ്ടൻ നഗരം അക്ഷരാർഥത്തിൽ വിജനമായി. സാധാരണ വാരാന്ത്യങ്ങളിൽ ജനം ഒഴുകിനീങ്ങുന്ന നഗരത്തിന്റെ നിരത്തുകളിൽ ഇന്നലെ ആകെ കണ്ടത് അത്യാവശ്യത്തിന് പുറത്തിറങ്ങിയവരെ മാത്രം. ടൂറിസം പേരിനു പോലുമില്ല. നഗരത്തിലെ പ്രധാന ആകർഷക കേന്ദ്രങ്ങളെല്ലാം ആളൊഴിഞ്ഞ സ്ഥിതിയിലായി. തേംസ് നദിയിലെ ബോട്ടുയാത്ര പേരിനു മാത്രം. ട്യൂബ് ട്രെയിനുകൾ എല്ലാം കാലിയായി സർവീസ് നടത്തുന്നു. നഗരം ആകെ ഉറങ്ങിയപോലെ. സാധാരണ ഒരിക്കലും തിരക്കൊഴിയാത്ത മോട്ടോർവേകളിൽ ഇപ്പോൾ ഉള്ളത് പേരിനുമാത്രം വാഹനങ്ങൾ. രാത്രികാലങ്ങളിൽ ഇടവിടാതെ ഒഴുകുന്ന ട്രക്കുകളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. 

കടപ്പാട് : മനോരമ ഓൺലൈൻ

LEAVE A REPLY

Please enter your comment!
Please enter your name here