സാഗ്രെബ് ∙ കോവിഡ്–19 ഭീതിയിൽ കനത്ത ജാഗ്രത തുടരുന്നതിനിടെ ക്രൊയേഷ്യയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലിൽ 5.3 രേഖപ്പെടുത്തിയ ഭൂചലനത്തിൽ പരുക്കേറ്റ ഒരു കുട്ടി ഗുരുതരാവസ്ഥയിലാണ്. മറ്റൊരു കുട്ടിക്കും പരുക്കേറ്റു. ക്രൊയേഷ്യൻ തലസ്ഥാനമായ സാഗ്രെബിലെ അപ്പാർട്ട്മെന്റ് കെട്ടിടം തകർന്നു വീണാണ് ഇവർക്കു പരുക്കേറ്റത്. ഭൂചലനത്തെ തുടർന്നു തലസ്ഥാനത്തെ ആശുപത്രികളിലും മറ്റിടങ്ങളിലും വൈദ്യുതി തടസ്സമുണ്ടായി. ചിലയിടങ്ങളിൽ അഗ്നിബാധയുണ്ടായി.

ഇനിയും ഭൂചലന സാധ്യതയുള്ളതിനാൽ ആളുകൾ വീടുകൾക്കു പുറത്തുതന്നെ തുടരണമെന്നു പ്രധാനമന്ത്രി ആന്ദ്രെ പ്ലെൻകോവിച് പറഞ്ഞു. ജനങ്ങൾ തെരുവുകളിൽ തടിച്ചുകൂടി കൊറോണ വൈറസ് വ്യാപനത്തിനു സാഹചര്യമൊരുക്കരുതെന്നു സർക്കാർ ജനങ്ങളോട് അഭ്യര്‍ഥിച്ചു. ക്രൊയേഷ്യയിൽ 206 പേരിലാണു കോവിഡ് രോഗബാധയുണ്ടായത്, ഒരാൾ മരിച്ചു. ഈ സാഹചര്യത്തിൽ ചെയ്യേണ്ടതെല്ലാം സർക്കാർ ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി ദാവോർ ബോസിനോവിച് പറഞ്ഞു. പകർച്ചവ്യാധിയും ഭൂചലനവും ഒരുമിച്ചു വരുമ്പോൾ അതു കൂടുതൽ സങ്കീർണമാണെന്നും അദ്ദേഹം പറഞ്ഞു.

140 വര്‍ഷത്തിനിടെ ക്രൊയേഷ്യൻ തലസ്ഥാനത്തുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിത്. നഗരത്തിന്റെ ആറു കിലോമീറ്റർ വടക്കായാണു പ്രകമ്പനമുണ്ടായത്. തകർന്നുവീണ കെട്ടിടത്തിന് അടിയിൽനിന്നാണ് ഗുരുതരാവസ്ഥയിൽ 15 വയസ്സുകാരനെ കണ്ടെത്തിയത്. കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു തലയിൽ പരുക്കേറ്റ മറ്റൊരു കുട്ടിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും അഗ്നിരക്ഷാസേന പ്രവർത്തിച്ചുവരികയാണ്.

തകർന്നുവീണ കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ സൈന്യം രംഗത്തിറങ്ങും. പത്ത് സെക്കന്റോളമാണു പ്രകമ്പനം അനുഭവപ്പെട്ടത്. ജനങ്ങൾ പുറത്തുതന്നെ തുടരണമെങ്കിലും മറ്റുള്ളവരിൽ നിന്ന് അകലം പാലിച്ചു നിൽക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു. സാഹചര്യങ്ങള്‍ സങ്കീർണമാണ്. കൊറോണ വൈറസ് ഭീഷണിയുള്ളതിനാൽ ജനങ്ങൾ വീടുകൾക്കുള്ളിൽ നിൽക്കണമെന്നാണ് ആദ്യം പറഞ്ഞത്. എന്നാലിപ്പോൾ വീടുകൾക്കു പുറത്തേക്കുപോകാൻ ഞങ്ങൾ ഉപദേശിക്കുന്നു– പ്രധാനമന്ത്രി വ്യക്തമാക്കി.

കടപ്പാട് : മനോരമ ഓൺലൈൻ

LEAVE A REPLY

Please enter your comment!
Please enter your name here