പിസാ ഡെലിവറി ചെയ്ത ആള്‍ക്ക് കോവിഡ് 19 പോസിറ്റീവായതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ 72 കുടുംബങ്ങള്‍ നിരീക്ഷണത്തില്‍. ഇയാളുടെ കൂടെ ജോലി ചെയ്ത 17 പേരെയും ചത്തര്‍പൂരിലെ സര്‍ക്കാര്‍ ക്വാറന്‍റൈന്‍ സെന്‍ററിലേക്ക് മാറ്റി. സൌത്ത് ഡല്‍ഹി ജില്ലാ മജിസ്ട്രേറ്റിന്‍റെ തീരുമാനത്തിലാണ് നീക്കം.

പിസ ഡെലിവറി ബോയായ ആള്‍ക്ക് ആദ്യം ജലദോഷമായിരുന്നു ഉണ്ടായിരുന്നത്. അത് മാറാതെ വന്നപ്പോള്‍ പ്രദേശത്തെ കോവിഡ് ക്വാറന്‍റൈന്‍ സെന്‍ററുകളിലൊന്നും കോവിഡ് സെന്‍ററുമായ സെന്‍ട്രല്‍ ഡല്‍ഹിയിലെ ആര്‍.എം.എല്‍ ആശുപത്രിയിലേക്ക് ചികിത്സക്കായി പറഞ്ഞയക്കുകയായിരുന്നു. ശേഷമാണ് അയാള്‍ക്ക് കോവിഡ് ഉണ്ടെന്ന് മനസിലാക്കുന്നത്. കഴിഞ്ഞ 15 ദിവസമായി ഇയാള്‍ 72 ലൊക്കേഷനുകളില്‍ പിസ എത്തിച്ചുകൊടുത്തിട്ടുണ്ട്. ഈ സ്ഥലത്തുള്ളവരെയെല്ലാം ഹോം ക്വാറന്‍റൈനില്‍ ആക്കിയിട്ടുണ്ട്. കൂടെ ജോലി ചെയ്തവരെയും ക്വാറന്‍റൈനിലാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മജിസ്ട്രേറ്റ് ആര്‍.എം മിശ്ര പറഞ്ഞു.

ഒരു പ്രമുഖ പിസ കമ്പനിയുടെ ഡെലിവറി ബോയായിരുന്ന ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. പിസ ഡെലിവറി ചെയ്യുന്ന എല്ലാവരും മാസ്ക് ധരിക്കുകയും എല്ലാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണമെന്ന് മജിസ്ട്രേറ്റ് ഉത്തരവിട്ടു. ഇന്നത്തെ കണക്കനുസരിച്ച് ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ 1500 കടക്കുകയും മരണം 32 ആവുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here