വാഷിങ്ടൻ ∙ കോവിഡ് ബാധിതരുടെ എണ്ണം യുഎസിൽ 1.5 ലക്ഷത്തിനടുത്തും ഇറ്റലിയിൽ ഒരു ലക്ഷത്തിനടുത്തുമെത്തി. കേരളത്തെക്കാൾ കുറവ് ജനങ്ങളുള്ള ന്യൂയോർക്ക് സംസ്ഥാനത്ത് (1.95 കോടി) മരണം 1000 കടന്നു. രണ്ടാഴ്ച കൂടി പിന്നിടുമ്പോൾ രാജ്യത്ത് ഒരുലക്ഷം പേരെങ്കിലും മരിച്ചേക്കാമെന്നു മുന്നറിയിപ്പു നൽകിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സാമൂഹിക അകല കാലയളവ് ഏപ്രിൽ 30 വരെ നീട്ടി. രോഗബാധിതരുടെ എണ്ണത്തിൽ സ്പെയിൻ ചൈനയെ മറികടന്നു. യുഎസും ഇറ്റലിയുമാണ് മുന്നിലുള്ളത്. എന്നാൽ ഇറ്റലിയിൽ രോഗം പടരുന്നതിന്റെ വേഗം കുറയുന്നുവെന്നാണു റിപ്പോർട്ട്.

വിവിധ രാജ്യങ്ങളിലെ സ്ഥിതി

∙ സ്പെയിൻ: 24 മണിക്കൂറിൽ 812 മരണം.

∙ ഇറ്റലി: തുടർച്ചയായ രണ്ടാം ദിവസവും മരണസംഖ്യ കുറഞ്ഞു.

∙ യുകെ: കോവിഡ് ബാധിതനായ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഉപദേഷ്ടാവ് ഡൊമിനിക് കമ്മിങ്ങിനും രോഗലക്ഷണം. ഇതേസമയം വ്യാപനത്തിന്റെ വേഗം കുറഞ്ഞതായി വിദഗ്ധർ.

∙ സിംഗപ്പുർ: പുതിയ രോഗബാധിതരിൽ 3 ഇന്ത്യക്കാർ. ഇവരിൽ 2 പേർ ഇന്ത്യയിലേക്കു യാത്ര ചെയ്തവർ.

∙ ഇറാൻ: ഒറ്റദിവസം നൂറിലേറെ മരണം. ആക മരണം 2,700 കടന്നു.

∙ ഫ്രാൻസ്: മരണസംഖ്യ 13% ഉയർന്ന് 2,606 ആയി

∙ കാനഡ: എല്ലാ പ്രവിശ്യകളിലും അടിയന്തരാവസ്ഥ. ജനം വീടുകളിൽ തുടരാൻ കർശന നിർദേശം.

മറ്റു വിവരങ്ങൾ

∙ യുറഗ്വായ്, സിറിയ, ബൊളീവിയ എന്നിവിടങ്ങളിൽ ആദ്യ മരണങ്ങൾ.

∙  ഇസ്രയേൽ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹുവും  ഉപദേശകനും ക്വാറന്റീനിൽ പ്രവേശിച്ചു. ഓഫിസിലെ ഒരു ജീവനക്കാരന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.

∙ തെക്കൻ ഇറാനിൽ ജയിലിൽ കലാപം. ഒരു ലക്ഷത്തോളം തടവുകാരെ നേരത്തേ താൽക്കാലികമായി വിട്ടയച്ചിരുന്നു. അരലക്ഷം പേർകൂടി ജയിലിലുണ്ട്.

∙ ഗാസയിൽ വൈറസ് പടരുമെന്ന ഭീതിയിൽ ഹമാസ് സർക്കാർ കൂട്ട ക്വാറന്റീന് ഒരുങ്ങുന്നു.

∙ പാക്കിസ്ഥാനിലെ രോഗബാധിതർ 1,625 ആയി.

∙ ലോകാരോഗ്യ സംഘടന കൊറോണ വൈറസ് വിവരങ്ങൾ പങ്കുവയ്ക്കുന്നില്ലെന്ന് തയ്‌വാനു പരാതി.

∙ കോവിഡ് പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽ തുടർച്ചയായ ആറാം ദിവസവും പുതിയ രോഗികളില്ല.

∙ പോർച്ചുഗലിലെ ഓവറിൽ 14 വയസ്സുകാരൻ മരിച്ചു. യൂറോപ്പിൽ മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളാണ്  വിതോർ ഗോഡിഞ്ഞോ. കഴിഞ്ഞദിവസം പാരിസിൽ 16 വയസ്സുള്ള വിദ്യാർഥിനി കോവിഡ് മൂലം മരിച്ചിരുന്നു.

കടപ്പാട് : മനോരമ ഓൺലൈൻ

LEAVE A REPLY

Please enter your comment!
Please enter your name here