ന്യൂയോർക്ക്∙ കോവിഡ് രോഗബാധയിൽ ലോകത്ത് പതിനായിരത്തിലധികം മരണം റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ രാജ്യമായി ഫ്രാൻസ്. ചൊവ്വാഴ്ച മാത്രം 1,417 പേർ മരിച്ചതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 10,328 ആയി. ഇവിടെ രോഗബാധിതരുടെ എണ്ണം 1,09,069 ആയി. ഇറ്റലി, സ്‌പെയിന്‍, യുഎസ് എന്നിവിടങ്ങളിലാണ് നേരത്തെ പതിനായിരത്തിനു മുകളിൽ മരണം റിപ്പോർട്ട് ചെയ്തത്.

കോവിഡിന്റെ പുതിയ ഹോട്സ്പോട്ടുകളെന്ന് വിശേഷിക്കപ്പെടുന്ന നെതർലൻഡ്സിലും ബെൽജിയത്തിലും മരണസംഖ്യ ഉയരുകയാണ്. ബെൽജിയത്തിൽ 2,035 പേർ മരിച്ചു. 22,194 പേർക്ക് രോഗം സ്ഥിരീകരിച്ചു. നെതർലൻഡ്സിൽ 2,101 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 19,580 പേർ രോഗബാധിതരാണ്.

യുഎസിലും റെക്കോര്‍ഡ് മരണ നിരക്കാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 1970 പേരാണ് 24 മണിക്കൂറിനിടെ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. യുഎസിൽ ഒരു ദിവസത്തിനിടെ മരിക്കുന്നവരുടെ എണ്ണത്തില്‍ ഇത് റെക്കോര്‍ഡാണ്. രാജ്യത്തെ കോവിഡ് മരണം 12,857 ആയി ഉയർന്നു. 4,00,546 പേർ രോഗബാധിതരാണ്.അതേസമയം ചില സംസ്ഥാനങ്ങളിൽ രോഗവ്യാപനത്തിന്റെ തോത് കുറയുന്നതു യുഎസിനു പ്രതീക്ഷയേകുന്നു.

ന്യൂയോർക്ക്, ന്യൂജഴ്സി, ലൂസിയാന എന്നിവിടങ്ങളിൽ രോഗം മൂർധന്യാവസ്ഥയിലെത്തിയെന്നും ഇനി രോഗികളുടെ എണ്ണം കുറയാനാണു സാധ്യതയെന്നുമാണു വിലയിരുത്തൽ. എന്നാൽ മൊത്തം മരണസംഖ്യ കണക്കാക്കുമ്പോൾ രാജ്യം നിർണായകമായ ഘട്ടത്തിലേക്കു കടന്നിരിക്കയാണെന്നും അതീവജാഗ്രത പുലർത്തേണ്ടതുണ്ടെന്നും ഈ സംസ്ഥാനങ്ങളിലെ ഗവർണർമാർ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here