കു​വൈ​ത്ത്​ സി​റ്റി: ചില കെട്ടിട ഉടമകൾ വാടകനൽകാൻ ആവശ്യപ്പെട്ടതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കുവൈറ്റിലെ പ്രവാസികൾ. വാടക ഇളവുകളുമായി ബന്ധപ്പെട്ട് സർക്കാർ അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

വാടക നൽകാത്ത പക്ഷം നിയമ നടപടികളിലേക്ക് കടക്കുമെന്ന് ചില കെട്ടിട ഉടമകൾ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ചിലർ കെട്ടിടങ്ങളിൽ നോട്ടീസ് പതിച്ചിരിക്കുന്നു.

നിത്യ വരുമാനമോ ജോലിയോ ഇല്ലാതെ എങ്ങനെയാണ് വാടകകൾ നൽകുന്നതെന്ന ആശങ്കയിലാണ് കുടുംബമായി കഴിയുന്ന പ്രവാസികളടക്കമുള്ളവർ.

കോവിഡ്-19 കാരണമുള്ള സാമ്പത്തിക പ്രതിസന്ധിമൂലം പലരും പ്രധാന നഗരങ്ങളിൽ നിന്ന് താരതമ്യേന വാടക കുറഞ്ഞ ഉള്ളേരിയകളിലേക്ക് താമസം മാറ്റിക്കഴിഞ്ഞു. ഇതുവരെ കയ്യിലുള്ളത് കൊണ്ട് അഡ്ജസ്റ്റ് ചെയ്ത് കഴിഞ്ഞിരുന്നവർ ഇനിയെങ്ങനെ മുന്നോട്ട് പോകുമെന്ന ചിന്തയിലാണ്.

സാമൂഹിക സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് പലരും കഴിയുന്നത്. സൂപ്പർ മാർക്കറ്റുകളും റസ്റ്ററന്റുകളും മാത്രമാണ് പ്രവർത്തിക്കുന്നത്. ബാക്കിയുള്ള സ്ഥാപനങ്ങളെല്ലാം തന്നെ അടഞ്ഞു കിടക്കുകയാണ്. ഇവിടങ്ങളിൽ തന്നെ പല സ്ഥാപനങ്ങളും സാമ്പത്തിക പ്രതിസന്ധിമൂലം തൊഴിലാളികളെ പകുതിയായി കുറച്ചിട്ടുണ്ട്.

വാടക എന്നു തരാൻ കഴിയുമെന്ന കെട്ടിട ഉടമകളുടെ ചോദ്യങ്ങൾക്ക് പോലും എന്തുത്തരം നൽകണമെന്ന ആകുലതയിലാണ് താമസക്കാർ. നാട്ടിലെ ഇവരുടെ കുടുംബങ്ങൾക്ക് ചിലവിനു പണമയക്കാനും കഴിയാത്ത ദയനീയ കാഴ്ചയാണ് മിക്ക ഇടങ്ങളിലും.

സ്വകാര്യ കമ്പനി ജോലിക്കാർക്ക് വേതനം പകുതിയാക്കുകയോ തൊഴിലാളികളെ പകുതിയാക്കി വെട്ടിക്കുറക്കുകയോ ചെയ്തിട്ടുണ്ട്. ചെറുകിട തൊഴിലാളികളുടെ വരുമാനം പൂർണമായി നിലച്ച മട്ടാണ്.

എങ്കിലും ആശ്വാസമായി ചിലയിടങ്ങളിലെ കെട്ടിട ഉടമകൾ സ്വമേധയാ വാടകക്കാർക്ക് വാടക ഒഴിവാക്കി നൽകിയിട്ടുണ്ട്. ചിലർ ഇതിനു പുറമേ ഭക്ഷണവും അത്യാവശ്യ സാധനങ്ങളും എത്തിച്ച് നൽകിയതും നന്മയുള്ള കാഴ്ചയായി.

LEAVE A REPLY

Please enter your comment!
Please enter your name here