തെഹറാന്‍: ഇറാനില്‍ ഭരണകൂടത്തിന്റെ പിടിവാശിയില്‍ കൊറോണ ഭീതി ശക്തമാകുന്നു. ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള നിസ്സഹകരണവും ഇറാനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം അമേരിക്ക പുതിയതായി ചുമത്തിയ ഉപരോധങ്ങള്‍ വന്‍ പ്രതിസന്ധിയിലേക്കാണ് ഇറാനെ നയിച്ചിരിക്കുന്നത്. മരണസംഖ്യ 2500 മുകളിലേക്ക് എത്തിയിരിക്കുകയാണ്.


ഇറാനിലെ ആരോഗ്യ മേഖല ദുര്‍ബലാവസ്ഥയിലാണ്. എങ്ങനെ കൊറോണയെ നേരിടണമെന്ന് അറിയാത്തത് കൊണ്ടാണ് അവരുടെ ആശയക്കുഴപ്പം. ഇനി ഇറാനിലെ പുതുവത്സരം വരാന്‍ പോവുകയാണ്. ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് മരണസംഖ്യ കുത്തനെ ഉയര്‍ത്തുമെന്ന് ഉറപ്പാണ്. മെഥനോള്‍ ഉപയോഗത്തില്‍ മരിച്ചവരുടെ എണ്ണവും കുത്തനെ വര്‍ധിച്ചിരിക്കുകയാണ്..
ഇറാനില്‍ 24 മണിക്കൂറിനിടെ 139 പേരാണ് കൊറോണ ബാധിച്ച് മരിച്ച് വീണത്. മൊത്തം മരണനിരക്ക് 2517 ആയിരിക്കുകയാണ്. ഇറാന്‍ കൊറോണയെ വിലകുറച്ച് കണ്ടതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. 24 മണിക്കൂറിനിടെ 3076 പേര്‍ക്ക് രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രി കിയാനോഷ് ജഹാന്‍പൂര്‍ പറഞ്ഞു. അതേസമയം 35408 പേരാണ് രോഗം ബാധിച്ച് ഇറാനില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 546 പേര്‍ക്ക് ഭേദമായി. ഇതുവരെ 11679 പേര്‍ക്കാണ് രോഗം ഭേദമായത്. 3200 പേര്‍ ഗുരുതരാവസ്ഥയിലാണ്.


ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കത്തയച്ചിരിക്കുകയാണ്. യുഎസ്സുമായി ഉപരോധത്തിന്റെ കാര്യത്തില്‍ സംസാരിക്കണമെന്നാണ് ആവശ്യം. ഉപരോധം പിന്‍വലിക്കാന്‍ ഇമ്രാന്‍ ഖാന്‍ ഇടപെടണമെന്നും റൂഹാനി അഭ്യര്‍ത്ഥിച്ചു. നേരത്തെ അന്താരാഷ്ട്ര സമൂഹം ഇറാനെതിരെയുള്ള ഉപരോധം പിന്‍വലിക്കണമെന്ന് ഇമ്രാന്‍ പറഞ്ഞിരുന്നു. അതേസമയം കൊറോണ ചികിത്സയ്ക്കായി പാകിസ്താനെ ഇറാന്‍ പകരം സഹായിക്കും. കൂടുതല്‍ കേസുകള്‍ പാകിസ്താനില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

ഇറാന്‍ സര്‍ക്കാര്‍ അമേരിക്കയോട് തടവുകാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇവര്‍ രോഗം ബാധിച്ച് മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ ഇറാനിയന്‍ തടവുകാരെ പിടിച്ച് വെച്ചിരിക്കുകയാണെന്നും, ഈ ആഗോള പ്രതിസന്ധിയില്‍ അവരെ വിട്ടയക്കണമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് പറഞ്ഞു. അതേസമയം ഇറാനെതിരെയും പ്രമുഖ വ്യക്തികള്‍ക്കെതിരെയും കഴിഞ്ഞ ദിവസം അമേരിക്ക കൂടുതല്‍ ഉപരോധമേര്‍പ്പെടുത്തിയിരുന്നു. ഇവര്‍ ഭീകരരെ സഹായിക്കുന്നുവെന്നാണ് ആരോപണം.
ഇറാനില്‍ വ്യാജ മദ്യത്തില്‍ മെഥനോള്‍ ഉപയോഗിക്കുന്നതാണ് ഭരണകൂടത്തിന്റെ പുതിയ തലവേദന. ഇതുവരെ 300 പേരാണ് മെഥനോള്‍ ഉപയോഗത്തിലൂടെ മരിച്ചത്. കൊറോണ പ്രതിരോധ മരുന്നാണെന്ന് ഇറാനിയന്‍ വംശജര്‍ മെഥനോളിനെ കുറിച്ച് അവകാശപ്പെടുന്നു. 480 പേരാണ് യഥാര്‍ത്ഥത്തില്‍ മരിച്ചത്. 2850 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. രണ്ട് പ്രശ്‌നങ്ങള്‍ക്കെതിരെയാണ് ഇറാന്‍ പൊരുതുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മദ്യനിരോധനമുള്ള രാജ്യമാണ് ഇറാന്‍. എന്നാല്‍ വ്യാജമദ്യം സുലഭമായി ഇവിടെ ലഭിക്കുന്നുണ്ട്. ചൈനയില്‍ നിന്നടക്കം മെഥനോള്‍ ഇറക്കുമതി വര്‍ധിക്കുന്നതും ഇറാനെ ആശങ്കപ്പെടുത്തുന്നുണ്ട്.

ദക്ഷിണ പശ്ചിമ പ്രവിശ്യയായ കുസെസ്താനില്‍ നിരവധി പേരെ മെഥനോള്‍ വിറ്റതിന് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഷിരാസ്, കരാജ്, യസ്ദ് എന്നീ നഗരങ്ങളും മെഥനോളിന്റെ പിടിയിലാണ്. അതേസമയം സര്‍ക്കാരിന് തിരിച്ചറിയാന്‍ വിധത്തിലല്ല ഇവര്‍ മെഥനോളിന്റെ വില്‍പ്പന നടത്തുന്നത്. പലരും അതില്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത് സര്‍ക്കാരിനെ വഞ്ചിക്കുന്നുണ്ട്. വീര്യമേറിയ മദ്യം കഴിച്ചാല്‍ കൊറോണ ഇല്ലാതാവുമെന്ന് ഇവരെ മദ്യം വില്‍ക്കുന്നവരും സോഷ്യല്‍ മീഡിയയിലെ പ്രചാരണവും ചേര്‍ന്ന് വിശ്വസിപ്പിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ മെഥനോള്‍ വിഷമാണെന്ന പ്രചാരണം ഇതുവരെ നടത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here