മധ്യ ടോക്കിയോയിലെ ആശുപത്രിയിലെ ഗ്ലാസ് വാതിലുകളിൽ കഴിഞ്ഞ ദിവസം ഒരു നോട്ടിസ് പതിഞ്ഞു. ‘ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആശുപത്രി അടച്ചിരിക്കുന്നു’. കിടക്കകളുടെ ലഭ്യതക്കുറവ്, വ്യക്തിസുരക്ഷാ ഉപകരണങ്ങളുടെ കുറവ്, ആശുപത്രി ജീവനക്കാർക്ക് രോഗം പടരുന്നത് തുടങ്ങി ജപ്പാനിലെ ആരോഗ്യ സംവിധാനത്തെ മുഴുവൻ തകർക്കുന്ന നിലയിലാണ് കൊറോണയുടെ പോക്ക്. എത്രയും പെട്ടെന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചില്ലെങ്കിൽ രാജ്യം കൊറോണയുടെ പിടിയിൽപ്പെട്ട് തിരിച്ചുവരാനാകാത്ത തരത്തിൽ തകർന്നുപോകുമെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു.

പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ദിനംപ്രതി വർധിച്ചതിനുപിന്നാലെ കൊറോണയെ പിടിച്ചുകെട്ടാൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ജപ്പാൻ. മധ്യ ടോക്കിയോയിലെ ഐജു ജനറൽ ആശുപത്രി എന്ന 10 നിലക്കെട്ടിടത്തിൽ 140 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ 44 പേർ ഡോക്ടർമാരാണ്. ബാക്കിയുള്ളവർ അവിടെ ചികിത്സയ്ക്കെത്തിയവരും പരിചരിച്ച നഴ്സുമാരും മറ്റു ജീവനക്കാരും. രോഗികളെ ചികിത്സിക്കാൻ ആളില്ലാത്തതിനു പിന്നാലെ ആശുപത്രി അടയ്ക്കുകയായിരുന്നു. അടച്ചെങ്കിലും 60 രോഗികളെ ഇപ്പോഴും ആശുപത്രിയിൽ ചികിത്സിക്കുന്നുണ്ട്.

മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയ രോഗിയിൽനിന്ന് അവിടുള്ളവർക്ക് രോഗം പകർന്നതായും ടോക്കിയോയിലെ ആരോഗ്യ പ്രവർത്തകർ പറഞ്ഞു. ചൈനയിലെയും ദക്ഷിണ കൊറിയയിലെയും അവസ്ഥ വന്നിട്ടില്ല. ഐജു ആശുപത്രിയിലേതിനു സമാനമായി മറ്റ് ആശുപത്രികളിലെയും അവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. വ്യക്തിസുരക്ഷാ ഉപകരണങ്ങളുടെ കുറവ് രോഗം വർധിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുവെന്ന് ടോക്കിയോയിലെ ഡോക്ടർമാർ രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോടു പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച മറ്റൊരു ആശുപത്രിയിലെ മൂന്നു നഴ്സുമാർക്കും ഒരു ഡോക്ടർക്കും രോഗം ബാധിച്ചിരുന്നു. ഇവരും കോവിഡ് ബാധിച്ചവരെ ശുശ്രൂഷിച്ചവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here