ചെന്നൈ: തമിഴ്നാട്ടില്‍ 50 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇവരില്‍ 45 പേരും ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയവരാണ്. രോഗം സ്ഥിരീകരിച്ച എല്ലാവരെയും കന്യാകുമാരി, തിരുനെല്‍വേലി, ചെന്നെ, നാമക്കല്‍, എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ച്‌ ചികിത്സ ലഭ്യമാക്കി വരികയാണ്. തമിഴ്നാട് ആരോഗ്യ വകുപ്പ് മന്ത്രി സി വിജയഭാസ്കര്‍ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ തമിഴ്നാട്ടില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 124 ആയിട്ടുണ്ട്. തമിഴ്നാട്ടില്‍ ഇതിനകം 74 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ചികിത്സയില്‍ കഴിഞ്ഞുവരുന്നത്.
ദില്ലി നിസാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്ത 1,131 പേരില്‍ 515 പേരെ മാത്രമേ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടുള്ളൂ.
സമ്മേളനത്തില്‍ പങ്കെടുത്ത കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതര്‍. തമിഴ്നാട്ടില്‍ ആദ്യമായാണ് ഒറ്റ ദിവസത്തില്‍ ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടെ സമ്മേളനം സംഘടിപ്പിച്ച തബ്ലീഗി ജമാഅത്തിന്റെ മൌലാനക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

മുസ്ലിം സെക്ടിലെ തബ്ലിഗി ജമാഅത്തിന്റെ ആറ് നില കെട്ടിടത്തില്‍ വെച്ച്‌ മാര്‍ച്ചില്‍ സംഘടിപ്പിച്ച മത സമ്മേളനത്തില്‍ പങ്കെടുത്ത 24 പേര്‍ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലൊണ് ദില്ലിയില്‍ നിന്ന് മടങ്ങിയ 50 പേര്‍ക്ക് തമിഴ്നാട്ടില്‍ കൊറോണ സ്ഥിരീകരിക്കുന്നത്. കൊറോണ ബാധിച്ച്‌ ആറ് പേര്‍ കഴിഞ്ഞ ദിവസം മരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ചടങ്ങില്‍ പങ്കെടുത്തവരെ കണ്ടെത്തി ആരോഗ്യ വകുപ്പ് ഇവരെ നിരീക്ഷണത്തിലാക്കുന്നത്. 227 വിദേശികള്‍ ഉള്‍പ്പെടെ 1500നും 1700 ഇടയിലുള്ള ആളുകളാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് ആരോഗ്യമന്ത്രി നല്‍കുന്ന വിവരം.

ദില്ലിയിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത 700 പേര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞുവരികയാണ്. കൊറോണയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ 335 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുത്ത എല്ലാ ഇന്ത്യക്കാരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കുമെന്നാണ് സൌത്ത് ഈസ്റ്റ് ദില്ലിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തുന്നത്. തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ ദില്ലിയില്‍ എത്തിയിരുന്നതെന്നാണ് സൂചന. ആദ്യം പരിപാടിയില്‍ പങ്കെടുത്ത ആളുകളെ കണ്ടെത്തി നിരീക്ഷണത്തിലാക്കുക എന്ന വലിയ ദൌത്യമാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ളത്. 1500നും 2000നും ഇടയിലുള്ള തബ്ലിഗി ജമാഅത്ത് അംഗങ്ങളാണ് ഈ വര്‍ഷം നടന്ന വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തത്. ഓരോ ജില്ലയില്‍ നിന്നും 25- 30 അംഗങ്ങളാണ് സമ്മേളനത്തില്‍ പങ്കെടുത്തതെന്നാണ് തബ്ലിഗി ജമാഅത്ത് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയത്

LEAVE A REPLY

Please enter your comment!
Please enter your name here