ലോകവ്യാപകമായി കൊറോണ വൈറസ് വാക്സിനായി ഗവേഷണം നടത്തുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ലഭ്യമാകുന്ന ഏറ്റവും പുതിയ വിവരം അനുസരിച്ച് സെപ്റ്റംബറോടുകൂടി മാർക്കറ്റുകളിൽ കോവിഡ്-19 വാക്സിനുകൾ എത്തുമെന്ന് പ്രതീക്ഷ. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ജെനർ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്ര വിദഗ്ധർ നടത്തിയ പഠനത്തിലൂടെ കൊറോണ വൈറസിൽനിന്നും മനുഷ്യന് ഹാനികരമല്ലാത്ത രീതിയിലുള്ള വാക്സിനുകൾ വികസിപ്പിക്കാമെന്നു കണ്ടുപിടിച്ചു കഴിഞ്ഞു.ബന്ധപ്പെട്ട അധികാരികളിൽ നിന്നും അടിയന്തര അനുമതി ലഭിച്ചതിനു ശേഷം ആദ്യത്തെ കുറച്ചു മില്യൻ ഡോസുകൾ സെപ്റ്റംബറോടു കൂടി ലഭ്യമാക്കാൻ ആവുമെന്ന് ഓക്സ്ഫോർഡ് ശാസ്ത്രജ്ഞർ കൂട്ടിച്ചേർക്കുന്നു.

റോക്കിമൗണ്ട് ലബോറട്ടറിയിൽ ഉള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ശാസ്ത്രജ്ഞർ കഴിഞ്ഞ മാസങ്ങളായി നടത്തിവരുന്ന പഠനത്തിന് അവസാനം എന്നോണം കണ്ടുപിടിക്കപ്പെട്ട വാക്സിനുകൾ, ഓരോ ഡോസ് വീതം പഠനവിധേയരായ റീസസ് കുരങ്ങുകളിലായി നൽകുകയുണ്ടായി. ഇതിനുശേഷം ഉയർന്ന അളവിൽ കൊറോണ വൈറസ് ഉള്ള സാഹചര്യത്തിലേക്ക് തുറന്നുവിട്ട കുരങ്ങുകൾക്ക് അസുഖം ബാധിച്ചില്ല എന്നും 28 ദിവസത്തിനു ശേഷവും അവർ പൂർണ ആരോഗ്യസ്ഥിതിയിൽ തുടർന്നുവെന്നും പഠനം നടത്തിയവരിൽ ഒരാളായ വിൻസൺ മൻസ്റ്റർ എന്ന ശാസ്ത്രജ്ഞൻ അറിയിച്ചു. നിലവിൽ കൊറോണ വാക്സിൻ കണ്ടുപിടിക്കുന്നതിൽ വ്യാപൃതരായിട്ടുള്ള നിരവധി ശാസ്ത്ര സംഘങ്ങളിൽ നിന്നും ഏറ്റവും വേഗതയേറിയതും നൂതനവുമായ സംരംഭമായാണ് ഓക്സ്ഫോർഡ് ശാസ്ത്രജ്ഞർ വന്നിരിക്കുന്നതെന്ന് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ ഡയറക്ടറായ എമിലിയോ എമിനി അറിയിച്ചു. ഇത്തരത്തിൽ ഗവേഷണം നടത്തുന്ന സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന ഏജൻസിയാണ് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ.

LEAVE A REPLY

Please enter your comment!
Please enter your name here