പ്രകടമായ ലക്ഷണങ്ങള്‍ കാണിക്കാത്ത കോവിഡ് രോഗികളില്‍ നിന്നും രോഗം പകരുന്നത് വളരെ അപൂര്‍വ്വമെന്ന് ലോകാരോഗ്യ സംഘടന. അതേസമയം ലോകത്ത് കോവിഡ് ബാധ കൂടുതല്‍ ഗുരുതരമാവുകയാണെന്ന മുന്നറിയിപ്പും ലോകാരോഗ്യ സംഘടനയിലെ വിദഗ്ധര്‍ നല്‍കി.

അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങള്‍ ലക്ഷണങ്ങള്‍ പ്രകടമാക്കാത്ത രോഗികളില്‍ നിന്നും കോവിഡ് പകരുന്നുവെന്ന് നേരത്തേ മുന്നറിയിപ്പ് നല്‍കിയപ്പോഴും ഈ വാദത്തെ ലോകാരോഗ്യ സംഘടന അംഗീകരിച്ചിരുന്നില്ല. ലോകാരോഗ്യ സംഘടനയുടെ പ്രതിനിധിയായ ഡോ. മരിയ വാന്‍ കെര്‍കോവാണ് ലക്ഷണങ്ങള്‍ കാണിക്കാത്ത കോവിഡ് രോഗികളില്‍ നിന്നും രോഗം പകരുന്നതില്‍ വിശ്വാസ്യയോഗ്യമായ തെളിവില്ലെന്ന് വ്യക്തമാക്കിയത്. ലോകാരോഗ്യ സംഘടനയിലെ പുതുതായി പൊട്ടിപ്പുറപ്പെടുന്ന രോഗങ്ങളെക്കുറിച്ച് പഠിക്കുന്ന വിഭാഗത്തിന്റെ മേധാവിയാണ് ഡോ. വാന്‍ കെര്‍കോവെ.

നേരത്തെ ഇത് സംബന്ധിച്ച് ലോകത്ത് പലയിടത്തും നടന്ന പഠനങ്ങള്‍ ചെറിയൊരു വിഭാഗം രോഗികളെ മാത്രം ഉള്‍ക്കൊള്ളിക്കുന്നതാണെന്നും അതുകൊണ്ടുതന്നെ അത്തരം പഠനങ്ങളെ അടിസ്ഥാനപ്പെടുത്തി അന്തിമ നിഗമനങ്ങളിലെത്താനാവില്ലെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. പ്രധാനമായും രോഗാണുക്കള്‍ അടങ്ങിയ വായുവിലെ ചെറുജലകണികകള്‍ വഴിയാണ് കോവിഡ് പകരുന്നത്. ഇത് തുമ്മുമ്പോഴും ചുമക്കുമ്പോഴുമാണ് കൂടുതലും പുറത്തുവരുന്നത്.

ലോകാരോഗ്യ സംഘടന മൂന്ന് വിഭാഗമായാണ് കോവിഡ് രോഗികളെ തരംതിരിച്ചിട്ടുള്ളത്.

  1. പ്രകടമായ ലക്ഷണങ്ങള്‍ കാണിക്കാത്തവര്‍.
  2. രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുമ്പുള്ള അവസ്ഥയിലുള്ളവര്‍.
  3. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍.

ഇതില്‍ രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നവരെ രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുമ്പ് പരിശോധിച്ചാലും കോവിഡ് സ്ഥിരീകരിക്കാനാകും. ഇത്തരക്കാരില്‍ നിന്നും ലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുമ്പു തന്നെ രോഗം പകരാമെന്നും ലോകാരോഗ്യ സംഘടന ഓര്‍മ്മിപ്പിക്കുന്നുണ്ട്. പല പഠനങ്ങളും രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുമ്പുള്ളവരേയും രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരേയും ഒരു വിഭാഗത്തില്‍ പെടുത്തിയുള്ളതാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here