ഇന്ത്യയില്‍ കോവിഡ് വ്യാപനം സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലേക്ക് എത്തിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നത് രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ ഇന്ത്യയിലെ കോവിഡ് വ്യാപനം ഇരട്ടിയാകുന്നതിന് മൂന്നാഴ്ചയാണ് സമയം വേണ്ടിവരുന്നതെന്നും ലോകാരോഗ്യ സംഘടന ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കിള്‍ റയാന്‍ പറയുന്നു.

ഇന്ത്യയിലെ ഓരോ സ്ഥലത്തും കോവിഡ് ഉണ്ടാക്കുന്ന ആഘാതം വ്യത്യസ്തമാണ്. നഗരങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് സാഹചര്യങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വൈറസ് വ്യാപനം ക്രമാതീതമല്ല, എന്നാല്‍ അത് കൂടിക്കൂടി വരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദക്ഷിണേഷ്യയില്‍ ഇന്ത്യയില്‍ മാത്രമല്ല പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന രാജ്യങ്ങളിലും കോവിഡ് വ്യാപനം ഒരു പൊട്ടിത്തെറിയിലെത്തിയിട്ടില്ലെന്നും റയാന്‍ പറയുന്നു. എന്നാല്‍ അങ്ങനെ സംഭവിക്കാനുള്ള എല്ലാ സാധ്യതകളും നിലനില്‍ക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here