ഒമാനില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി. സുപ്രീം കമ്മിറ്റിയുടെ പ്രതിവാര വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരാഴ്ചക്കിടെ 9000 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 43 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിരോധ നടപടികള്‍ പാലിക്കുന്നതില്‍ നിന്ന് ജനങ്ങള്‍ പിന്നോട്ട് പോയതാണ് ഇതിന് കാരണമെന്നും മന്ത്രി പറഞ്ഞു.

മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ വര്‍ധിപ്പിക്കാന്‍ ആലോചനയുണ്ടെന്ന് ഗതാഗത മന്ത്രി ഡോ. അഹമ്മദ് അല്‍ ഫുതൈസി പറഞ്ഞു. നിലവില്‍ 20 റിയാലാണ് പിഴ. പരിശോധനയും വ്യാപിപ്പിക്കും. പുതിയ സാഹചര്യത്തില്‍ വ്യോമയാന മേഖലയുടെ ചെലവ് കുറച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പൈലറ്റുമാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരെ പിരിച്ചുവിട്ടതായും മന്ത്രി പറഞ്ഞു.

പത്രമാധ്യമങ്ങളുടെ പ്രസിദ്ധീകരണം പുനരാരംഭിക്കുന്നത് സംബന്ധിച്ച് ടെക്‌നിക്കല്‍ കമ്മിറ്റി റിപ്പോര്‍ട്ട് സുപ്രീം കമ്മിറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അടുത്ത യോഗത്തില്‍ സുപ്രീം കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കും. എന്നാല്‍, കര–വ്യോമ അതിര്‍ത്തികള്‍ അടഞ്ഞുകിടക്കും. കായിക പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പുനരാരംഭിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി ഫീല്‍ഡ് ആശുപത്രി തുടങ്ങാന്‍ പദ്ധതിയുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. സാമൂഹിക വ്യാപനം ശ്രദ്ധയില്‍ പെട്ടാല്‍ ചില മേഖലകളില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ആദ്യത്തെ നാല് മാസം 77000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍, കഴിഞ്ഞ ഒരു മാസത്തിനിടെ 27000 പേര്‍ക്ക് കോവിഡ് ബാധിച്ചു. കോവിഡ് സ്ഥിരീകരിച്ച പലരും ജനങ്ങളുമായി ഇടപഴകുന്നുണ്ടെന്നും മന്ത്രി ഡോ. അഹമ്മദ് അല്‍ ഫുതൈസി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here